ഡോക്ടർമാരുടെ സമരം: ശസ്ത്രക്രിയകൾ മുടങ്ങി

Saturday 21 February 2026 12:20 AM IST

തിരുവനന്തപുരം: സർക്കാറും സംഘടനയും നിലപാടിൽ ഉറച്ചതോടെ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ പെറുതിമുട്ടി രോഗികൾ. അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാധാരണ നടക്കേണ്ട ശസ്ത്രക്രിയകളുടെ പകുതിപോലും ഇന്നലെ നടന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എ,ബി തിയേറ്ററുകളിലായി ദിവസം 35- 40 ശസ്ത്രക്രിയകൾ നടന്നുവന്നിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ അത് പൂജ്യമാണ്. സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ സാധാരണ ഗതിയിൽ 12- 15 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാൽ 19ന് രണ്ടും ഇന്നലെ ആറും ശസ്ത്രക്രിയകളാണ് നടന്നത്. എസ്.എ.ടി ആശുപത്രിയിൽ സാധാരണ 30- 35 ശസ്ത്രക്രിയകളാണ് നടക്കാറ്. എന്നാൽ 2, 5 ശസ്ത്രക്രിയകളാണ് സമരദിവസങ്ങളിൽ നടന്നത്. മറ്റ് സർക്കാർ മെഡിക്കൽകോളജുകളിലും ഇതേ അവസ്ഥ തന്നെയെന്നാണ് വിവരം. സമരം ശക്തമാക്കുമെന്ന് സംഘടന അറിയിച്ചതോടെയാണ് ഡയസ്‌നോൺ പ്രഖ്യാപിച്ച് സമരത്തെ നേരിടാൻ സർക്കാറു തീരുമാനിച്ചത്. എല്ലാ മെഡിക്കൽ കോളജുകളിലെയും ഹാജർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വിശ്വനാഥന് നിർദ്ദേശം നൽകി. എന്നാൽ മെഡിക്കൽ കോളജുകളിൽ നിന്ന് വകുപ്പ് മേധാവികൾ ഹാജർ പട്ടിക നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഡോക്ടർമാരും സർക്കാറും തമ്മിൽ തുറന്ന പോരിന് കളമൊരുങ്ങിയിരികുകയാണ്.