നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് ഇന്ന്
തൃശൂർ: കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഴ്‌സുമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോയിയേഷന്റെ സമ്മർദ്ദത്താലാണ് നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തയാറാവാത്തതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്ക് 60,000 രൂപ അടിസ്ഥാന വേതനം ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്ക് 20,000 പോലും ലഭിക്കുന്നില്ല. 2018 ഏപ്രിലിലാണ് അവസാനമായി ശമ്പള വർദ്ധനവുണ്ടായത്. ഇന്ന് രാവിലെ 10ന് ശക്തൻ സ്റ്റാൻഡിന് സമീപം റോജി റോയ് നഗറിൽ നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അവകാശ പ്രഖ്യാപന സമ്മേളനം നടത്തുമെന്ന് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ,സെക്രട്ടറി എം.വി.സുധീപ്,സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവർ അറിയിച്ചു.