ഇനി എട്ടിന്റെ കളി

Saturday 21 February 2026 12:45 AM IST

ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ നേരിടും

കൊളംബോ : ട്വന്റി-20 ലോകകപ്പ് ടൂർണമെന്റ് ഇനി കരുത്തന്മാരുടെ കളമായി മാറും. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച 20 ടീമുകളിൽ നിന്ന് എട്ട് ടീമുകളിലേക്ക് ചുരുങ്ങിയ ടൂർണമെന്റ് ഇനി സൂപ്പർ എട്ട് റൗണ്ടിലെ 12 മത്സരങ്ങളിലൂടെ നാലുടീമുകളുടെ സെമി ഫൈനലിലേക്കെത്തും. നാലുഗ്രൂപ്പുകൾ ഉണ്ടായിരുന്ന പ്രാഥമിക റൗണ്ടിൽനിന്ന് ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാരായ ഇന്ത്യ, പാകിസ്ഥാൻ, സിംബാബ്‌വേ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നിവരാണ് സൂപ്പർ എട്ടിൽ എത്തിയിരിക്കുന്നത്. ഇവരെ നാലുടീമുകളടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലെയും ടീമുകൾ തമ്മിൽ ഓരോ മത്സരങ്ങളാണ് സൂപ്പർ എട്ടിലുള്ളത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക,സിംബാബ്‌വേ,വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഒന്നാം ഗ്രൂപ്പിൽ. പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ളണ്ട്, ന്യൂസിലാൻഡ് എന്നിവർ രണ്ടാം ഗ്രൂപ്പിലും.

ഇന്ന് നടക്കുന്ന സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ നേരിടും. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. നാളെ ഇന്ത്യയുടേതടക്കം രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് മൂന്നിന് ശ്രീലങ്ക ഇംഗ്ളണ്ടിനേയും രാത്രി ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയേയും നേരിടും.വ്യാഴാഴ്ച സിംബാബ്‌വേയുമായും അടുത്ത ഞായറാഴ്ച വിൻഡീസുമായാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. മാർച്ച് 4.5 തീയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ മാർച്ച് എട്ടിന്.

പാകിസ്ഥാനെ

പറപ്പിക്കാൻ കിവികൾ

ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളിൽ ഓരോ തോൽവി വഴങ്ങിയവരാണ് ഇന്ന് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന പാകിസ്ഥാനും ന്യൂസിലാൻഡും. ഗ്രൂപ്പ് എയിൽ ഇന്ത്യയോടായിരുന്നു പാകിസ്ഥാന്റെ തോൽവി. ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്കയോടാണ് ന്യൂസിലാൻഡ് തോറ്റത്. അമേരിക്ക, നെതർലാൻഡ്സ്, നമീബിയ എന്നീ ദുർബലരോടായിരുന്നു പാകിസ്ഥാന്റെ വിജയങ്ങൾ. അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചപ്പോഴാണ് പാകിസ്ഥാന് സെമി ഉറപ്പായത്. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചുതുടങ്ങിയ കിവീസ് യു.എ.ഇയെ തോൽപ്പിച്ചശേഷമാണ് ദക്ഷിണാഫ്രിക്കയോട് ഏഴുവിക്കറ്റിന് തോറ്റത്.തുടർന്ന് കാനഡയെ എട്ടുവിക്കറ്റിന് തോൽപ്പിച്ചു. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും കുറഞ്ഞത് 175 റൺസ് വീതം സ്കോർ ചെയ്ത ടീമാണ് കിവീസ്.

ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോൾ കിവീസിന് പാകിസ്ഥാൻ വലിയ എതിരാളിയല്ലെങ്കിലും 'തിണ്ണമിടുക്കി"ന്റെ മുൻതൂക്കമാണ് പാകിസ്ഥാനുള്ളത്. കാരണം പാകിസ്ഥാന്റെ നാലുമത്സരങ്ങളും നടന്നത് കൊളംബോയിലാണ്. കിവീസിന്റെ മത്സരങ്ങളെല്ലാം ഇന്ത്യയിലായിരുന്നു. സ്റ്റേഡിയവുമായുള്ള പരിചയം തങ്ങൾക്ക് തുണയാകുമെന്നാണ് പാക് ടീമിന്റെ പ്രതീക്ഷ.

ലോകകപ്പിന് മുമ്പ് ഇന്ത്യയുമായി അഞ്ചുമത്സരപരമ്പര 1-4ന് തോറ്റ ന്യൂസിലാൻഡ് ലോകകപ്പിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഗ്ളെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ,ടിം സീഫർട്ട് തുടങ്ങിയ ബാറ്റർമാർ മികച്ച ഫോമിലുള്ളതും രചിൻ രവീന്ദ്ര ഫോം വീണ്ടെടുത്തതും ന്യൂസിലാൻഡിന് ആവേശം പകരുന്നു. മാറ്റ് ഹെൻറി,ജേക്കബ് ടഫി,കൈൽ ജാമീസൺ,ജെയിംസ് നീഷം എന്നിവരാണ് ബൗളിംഗിലെ കുന്തമുനകൾ. അവസാനഗ്രൂപ്പ് മത്സരത്തിൽ പുറത്തിരുന്ന നായകൻ മിച്ചൽ സാന്റ്നർ സൂപ്പർ എട്ടിൽ ടീമിനെ നയിക്കാനെത്തും.

സൽമാൻ ആഗ നയിക്കുന്ന പാക് ടീമിൽ ഷദാബ് ഖാൻ ആൾറൗണ്ട് ഫോം വീണ്ടെടുത്തതും ഓപ്പണർ സാഹിബ് സദ ഫർഹാൻ കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയതും ആത്മവിശ്വാസം നൽകുന്നു. എന്നാൽ മുൻ നായകൻ ബാബർ അസം മികച്ച ഫോമില്ല. ബൗളിംഗിൽ ഉസ്മാൻ താരീഖിന്റെ മാന്ത്രികത ഇന്ത്യയ്ക്ക് മുന്നിൽ തകർന്നുവീണെങ്കിലും നമീബിയയ്ക്ക് എതിരെ നാലുവിക്കറ്റ് നേ‌ടാനായിട്ടുണ്ട്. പാക് പേസർമാർ ഫോമിലല്ല. സ്പിന്നർ അബ്രാർ അഹമ്മദിനെ ഇന്ന് പാക് ടീം കളിപ്പിച്ചേക്കും.

24

ട്വന്റി 20 മത്സരങ്ങളിലാണ് കഴിഞ്ഞ 30 മാസങ്ങൾക്കിടയിൽ പാകിസ്ഥാനും ന്യൂസിലാൻഡും കളിച്ചത്. ഇതിൽ 13 എണ്ണത്തിൽ വിജയിച്ചത് ന്യൂസിലാൻഡാണ്. 9 വിജയങ്ങളേ പാകിസ്ഥാനുള്ളൂ. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ പോയി.

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്.