ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ കൈ വളഞ്ഞു കോന്നി മെഡി. കോളേജിലും ചികിത്സാപിഴവ്

Saturday 21 February 2026 12:55 AM IST

കോന്നി: കൈയൊടിഞ്ഞ കുട്ടിക്ക് കോന്നി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവ്. ശസ്ത്രക്രിയയ്ക്ക് ശേഷം കൈ വളഞ്ഞ നിലയിലായതോടെ സ്വകാര്യ ആശുപത്രിയിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നു. അരുവാപ്പുലം സ്വദേശി ഷാജഹാന്റെ മകൻ തൻസീറിന്റെ (14)​വലതുകൈയ്ക്ക് നവംബർ 24നാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. കളിക്കുന്നതിനിടെ വീണാണ് കൈപ്പത്തിയുടെ കുഴയ്ക്ക് മുകൾ ഭാഗത്ത് ഒടിവുണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞ് കുത്തിക്കെട്ടെടുത്തപ്പോൾ, കുഴയുടെ ഭാഗത്ത് വളവ് കണ്ടു. തുടർന്ന് പ്ളാസ്റ്ററിട്ട് മൂന്നാഴ്ച കഴിഞ്ഞ് എക്സ്റേ എടുത്തപ്പോൾ അസ്ഥികൾ യോജിച്ചിരുന്നില്ല. ബോൾട്ട് ഇട്ടത് ഉൗരിയിരുന്നു. ഈ മാസം രണ്ടിന് പ്ളാസ്റ്റർ മാറ്റിയപ്പോഴും കൈയുടെ കുഴ വളഞ്ഞുതന്നെയായിരുന്നു.

ഫിസിയോതെറപ്പി ചെയ്താൽ മതിയെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഇതിനായി സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഈ അവസ്ഥയിൽ ഫിസിയോതെറാപ്പി ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലെത്തി. വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് അപ്പോൾ പറഞ്ഞു. ഇതോടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും എം.എൽ.എയ്ക്കും പൊലീസിനും പരാതി നൽകി. സ്വകാര്യ ആശുപത്രിയിലാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ഡിസ്ചാർജായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്നലെ മെഡിക്കൽ കോളേജിലെത്തിയ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങൾ ആശുപത്രിയിലെത്തി തൻസീറിനോട് വിവരങ്ങൾ അന്വേഷിച്ചു.

ചെലവായത് വൻതുക

ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ തൻസീറിന് മൂന്നരമാസത്തിനിടെ രണ്ട് ശസ്ത്രക്രിയകളുടെ വേദനയാണ് അനുഭവിക്കേണ്ടിവന്നത്. കൂലിപ്പണിക്കാരനായ പിതാവ് ഷാജഹാന് വലിയ സാമ്പത്തിക ബാദ്ധ്യതയുമുണ്ടായി. ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് 70,000 രൂപ ചെലവായി. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കും നല്ല ചെലവുണ്ടായി. ചികിത്സാ പിഴവ് സംബന്ധിച്ച് ഡി എം ഇ ക്ക് റിപ്പോർട്ട് നൽകിയതായി കോന്നി ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷാജി പറഞ്ഞു.