ചികിത്സാപ്പിഴവുകൾ തുടർക്കഥ

Saturday 21 February 2026 12:56 AM IST

സംസ്ഥാനത്ത് ആതുരാലയങ്ങളിലെ ചികിത്സാപ്പിഴവുകൾ തുടർക്കഥയാവുകയാണ്. കർശന നടപടിയില്ലാത്തതാണ് ഇതിനുകാരണം. എല്ലാ സംഭവത്തിലും ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടും. റിപ്പോർട്ടുകൾ കുന്നുകൂടുന്നതല്ലാതെ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

-----------------------------------------------------------------------------------

കഴിഞ്ഞ നാലുവർഷത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവുകളെക്കുറിച്ച് ഒരു അന്വേഷണം.

2022 ജൂൺ 20

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. കൊച്ചിയിൽ നിന്ന് കൃത്യ സമയത്ത് വൃക്ക എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ സ്വീകരിക്കാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ വൈകിയത്.

2022 നവംബർ 21: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മന്ത്രിയുടെ നിർദ്ദേശം

2023 ജനുവരി 16: കടുവ ആക്രമണത്തിൽ പരിക്കേറ്റ കർഷൻ മരിച്ചത് വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയെത്തുടർന്നെന്ന് പരാതി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം.

2023 ഏപ്രിൽ 18: ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ മരുന്ന് മാറി കുത്തിവച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി.

2023 മാർച്ച് 3: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങി. മന്ത്രി റിപ്പോർട്ട് തേടി

2023 ജൂൺ 11: നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. മന്ത്രി റിപ്പോർട്ട് തേടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം.

2024 മേയ് 14: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരൽ നാലു വയസുകാരി ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി.

2025 ആഗസ്റ്റ് 29 : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി. വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

2025 നവംബർ 6: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോഡ്രൈവർ വേണു മരിച്ചു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രിയുടെ നിർദ്ദേശം.

2025 ഡിസംബർ 4: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒമ്പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

2026 ഫെബ്രുവരി 17: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.