ചിറകൊടിഞ്ഞ് കോഴിവില, ഇത്തിരി 'പൊട്ടി' മുട്ടവില!
കോഴിവില ഒറ്റയടിക്ക് കുറഞ്ഞത് 50 രൂപ
കൊല്ലം: ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും പിടിതരാതെ പറക്കുകയായിരുന്ന ഇറച്ചിക്കോഴി വില പൊടുന്നനെ കൂപ്പുകുത്തി. ഒറ്റയടിക്ക് 50 രൂപയോളം കുറഞ്ഞത് ഇറച്ചിപ്രേമികളെ ആഹ്ളാദത്തിലാക്കിയിട്ടുണ്ട്.
ക്രിസ്മസിന് ഇറച്ചിക്കോഴി വില കിലോയ്ക്ക് 160 ആയിരുന്നു. പിന്നീട് 20 രൂപയോളം വർദ്ധിച്ചു. കഴിഞ്ഞമാസം 185- 190 വരെയെത്തി ലൈവ് ചിക്കന്റെ വില. എന്നാൽ ജില്ലയിൽ ഇന്നലത്തെ വില135-140 ആയിരുന്നു (പ്രാദേശികാടിസ്ഥാനത്തിൽ മാറ്റം വരാം). കച്ചവടം കൂടുമ്പോഴോ ക്ഷാമം നേരിടുമ്പോഴോ ആണ് സാധാരണയായി വില കൂടുന്നത്. എന്നാലിപ്പോൾ ആവശ്യത്തിന് കോഴി കിട്ടാനുണ്ടെങ്കിലും കച്ചവടത്തിൽ വന്ന കുറവാണ് വില കുറയാനുള്ള കാരണം. അതേസമയം നാടൻ കോഴിയുടെ വിലയിൽ മാറ്റം വന്നിട്ടില്ല. കിലോയ്ക്ക് ഇപ്പോഴും 220- 230 രൂപയുണ്ട്.
മുട്ടയെ ബാധിച്ചത് ചൂട്
ചൂട് കൂടിയതോടെ മുട്ട വിലയിലും ഇടിവുണ്ടായി. കഴിഞ്ഞമാസം 7.10 രൂപയായിരുന്ന മുട്ടയുടെ മൊത്തവില 6.20 രൂപയിലെത്തി. നാമക്കല്ലിൽ കഴിഞ്ഞ ദിവസം 5.50 ആയിരുന്നു വില. കേരളത്തിലേക്ക് മുട്ട കൊണ്ടുവരുമ്പോൾ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. ഇക്കാരണത്താൽ കേരളത്തിലെത്തുമ്പോൾ 6.10 രൂപയായി ഉയരും. 6.20 നിരക്കിലാണ് നിലവിൽ മൊത്തക്കച്ചവടം. 7 മുതൽ 7.50 വരെയാണ് കടകളിൽ മുട്ടയ്ക്ക് ഈടാക്കുന്നത്. കഴിഞ്ഞ നവംബറിൽ മുട്ട വില 6.50 രൂപയായിരുന്നു. ഡിസംബർ 15 ആയപ്പോഴേക്കും വില വീണ്ടും വർദ്ധിച്ച് 8 രൂപയിലേക്കെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ആവശ്യകത കൂടിയതും ആഭ്യന്തരവിപണി ശക്തമായതും ലഭ്യത കുറഞ്ഞതുമായിരുന്നു അന്ന് വില ഉയരാൻ കാരണമായിരുന്നത്. കേരളത്തിന് ആവശ്യമുള്ള മുട്ടയുടെ ഭൂരിഭാഗവും എത്തുന്നത് ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉത്പാദന കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്.
വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ചൂടുകുടുന്നതും നോമ്പുകാലവും കാരണം മുട്ടയുടെ വില ഇനിയും കുറയാനാണ് സാദ്ധ്യത. അതേസമയം ചിക്കന്റെ വില ഉയർന്നേക്കാം
എസ്.കെ നസീർ, ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി,
നാഷണൽ എഗ്ഗ് കോ ഓർഡിനേഷൻ കമ്മിറ്റി അംഗം
..................................
ഡിമാൻഡ് കുറഞ്ഞതും ഉത്പാദനം കൂടിയതുമാണ് കോഴി വില കുറയാൻ കാരണമായത്
വൈശാഖ്, വ്യാപാരി