ഒമ്പതു വയസുകാരിയ്ക്ക് നഷ്ടപ്പെട്ടത് വലതുകൈ ഡോക്ടർമാർക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകൾ
പാലക്കാട്: വലതുകൈയെന്നത് വേദനിക്കുന്ന ഓർമ്മയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസുകാരി വിനോദിനിക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്ന് 120 ദിവസത്തെ പോരാട്ടത്തിന് ശേഷം കൃത്രിമ കൈകൾ പിടിപ്പിച്ചെങ്കിലും സ്കൂളിലേക്ക് പോകാനാകാത്ത വിഷമത്തിലാണ് ഒമ്പതുകാരി. കൃത്രിമ കൈകൾ പിടിപ്പിച്ചശേഷം പ്രയാസമുണ്ടായിരുന്ന വിനോദിനിക്ക് ഇപ്പോൾ കൈയും വിരലുകളും അനക്കാൻ പറ്റുന്നുണ്ട്. അധികം വൈകാതെ പഴയപോലെ സ്കൂളിലേക്ക് പോകാനാകുമെന്ന പ്രത്യാശയിലാണ് വിനോദിനി.
കഴിഞ്ഞ സെപ്തംബർ 25നാണ് വീട്ടിൽ കളിക്കുന്നതിനിടെ വിനോദിനിക്കു വീണ് പരുക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് മുറിവു വൃത്തിയാക്കി കെട്ടുന്നതിൽ വീഴ്ചയുണ്ടായതോടെ പഴുപ്പു കൂടുകയും ഒക്ടോബർ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു വലതുകൈ മുറിച്ചുമാറ്റുകയുമായിരുന്നു.
ഇതിനിടെ വിനോദിനിക്ക് പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതോടെ ജില്ലാ ആശുപത്രിയിലെ രണ്ട് ജൂനിയർ ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർമാർക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധസംഘം ഇതുവരെ തുടർ നടപടികളെടുത്തില്ല. കൂടാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിലും കുടുംബത്തെ ഫോണിലൂടെയും അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. അതേസമയം,സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ രണ്ട് ലക്ഷംരൂപ കഴിഞ്ഞ ഡിസംബർ 6ന് കുടുംബത്തിന് ലഭിച്ചെങ്കിലും ചികിത്സാപിഴവ് വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് കുടുംബത്തിന്റെ ആരോപണം.