ഡോക്ടറുടെ പരാമർശം വിവാദത്തിൽ: 50 വർഷം വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ല സിസ്റ്റത്തിന് തകരാറെന്നും വാദം

Saturday 21 February 2026 1:03 AM IST

ആലപ്പുഴ: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെപ്പറ്റി ആ കാലയളവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന റിട്ട.പ്രൊഫസർ ഡോ. ലളിതാംബികയുടെ പരാമർശം വിവാദമായി. ഉഷ ജോസഫിന്റെ വയറ്റിലെ ഉപകരണം അഞ്ചല്ല, 50 വർഷം അവിടെ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നാണ് പ്രതികരണം.

അത് കത്രികയല്ലെന്നും രക്തക്കുഴലിൽ നിന്ന് രക്തംവരുമ്പോൾ തടയാനുപയോഗിക്കുന്ന മസ്‌കിറ്റോ എന്ന ഉപകരണമാണെന്നും വിശദീകരണം.

' ശസ്ത്രക്രിയ നടത്തിയത് താനല്ല. വിരമിക്കാറായതിനാൽ അന്ന് വലിയ ശസ്ത്രക്രിയകൾ ചെയ്തിട്ടില്ല. ഒരിക്കലും ഉപകരണം വയറ്റിൽ വയ്ക്കാൻ പാടില്ലാത്തതാണ്. വീഴ്ച ഒരാളുടെ തലയിൽ കെട്ടിവെക്കാനാകില്ല. സിസ്റ്റത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിവരം ഒരു ബോർഡിൽ എഴുതണം. ശസ്ത്രക്രിയ കഴിയുമ്പോൾ അതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കണം.

ഫ്ലോർ നഴ്‌സിനാണ് ചുമതല. സർക്കാർ ആശുപത്രികളിൽ ഈ തസ്തികയിൽ സ്റ്റാഫില്ല.

ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറും നഴ്‌സുംകൂടി വേണം ഇത് ചെയ്യാൻ. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഉപകരണങ്ങൾ എണ്ണും. ശസ്ത്രക്രിയകഴിഞ്ഞും എണ്ണും. ശസ്ത്രക്കിയക്കൊടുവിൽ നഴ്‌സുമാർ പറയുന്നത് വിശ്വസിച്ച് തുന്നലിടുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. ഓർമ്മപ്പിശകിൽ എണ്ണം തെറ്റാം . ഉഷ ജോസഫിന് അതിനുമുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപ്പോൾ വയറ്റിൽ വച്ചതാണോ ഇതെന്നറിയില്ല. മസ്‌കിറ്റോയുടെ രാസപരിശോധന നടത്തിയാൽ കാലപ്പഴക്കം അറിയാനാകും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സർക്കാർ സംവിധാനത്തിലെ പോരായ്മ പരിഹരിക്കണം' - ഡോ.ലളിതാംബിക പറഞ്ഞു.