ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന പരാതി: ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാനവിതരണം തടഞ്ഞ് ഹൈക്കോടതി

Saturday 21 February 2026 10:38 AM IST

കൊച്ചി: ഇരുപതുകോടിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദമുന്നയിച്ച് പിറവം പാഴൂർ സ്വദേശി കെ കെ സജിമോൻ നൽകിയ ഹർജിയിൽ നടപടിയുമായി ഹൈക്കോടതി. സമ്മാനവിതരണം തടഞ്ഞ ഹൈക്കോടതി ലോട്ടറി വകുപ്പിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. നറുക്കെടുപ്പിൽ ഒന്നാംസമ്മാനം നേടിയത് താൻ എടുത്ത ടിക്കറ്റിനാണെന്ന് ചൂണ്ടിക്കാണിച്ചാണ് സജിമാേൻ കോടതിയെ സമീപിച്ചത്. തന്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാസ്വദേശിയുടെ കൈയിൽ എത്തിപ്പെടുകയായിരുന്നു എന്നാണ് സജിമോൻ പറയുന്നത്.

റിട്ടയേർഡ് എസ് ഐയായ സജിമോൻ ട്രാവൽ ഏജൻസി നടത്തുകയാണ്. സജിമോന്റെ വാഹനത്തിൽ ശബരിമലയ്ക്കുപോയ വിശാഖപട്ടണം സ്വദേശികൾ നെയ്പാത്രം വാഹനത്തിൽ മറന്നുവച്ചു. താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് ഈ പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ടതനുസരിച്ച് നെയ്പാത്രം കൊറിയർ ചെയ്തുകൊടുത്തപ്പോൾ അബദ്ധത്തിൽ അതിനൊപ്പം ടിക്കറ്റും അകപ്പെട്ടു. പാത്രം വിശാഖപട്ടണത്ത് എത്തിയെങ്കിലും ടിക്കറ്റ് കൊറിയർ സ്ഥാപനത്തിൽ നിന്ന് നഷ്ടമായി എന്നാണ് സജിമോൻ പറയുന്നത്.

ഇതിനിടെയാണ് ബമ്പർ സമ്മാനം തനിക്ക് അടിച്ചുവെന്ന് അവകാശപ്പെട്ട് ഒരാൾ ലോട്ടറിവകുപ്പിനെ സമീപിച്ചത്. അവകാശവാദവുമായി എത്തിയ ആൾ ആരാണെന്ന് വ്യക്തമല്ല. ടിക്കറ്റ് കാണാതായതോടെ ആദ്യം പിറവം പൊലീസിനെ സമീപിച്ചു. തുടർന്നാണ് ഹൈക്കാേടതിയിൽ ഹർജി നൽകിയത്. സമ്മാനത്തിന് അവകാശവാദമുന്നയിച്ച വ്യക്തിയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നും സമ്മനാർഹമായ ടിക്കറ്റിന്റെ ഇരുവശങ്ങളുടെയും വ്യക്തമായ പകർപ്പ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.