'സഞ്ജു വേണ്ട, അഭിഷേകിനെ മാറ്റരുത്'; പരാജയപ്പെട്ടാലും 'എക്‌‌സ്‌‌ഫാക്ടർ' താരങ്ങളെ കൈവിടരുതെന്ന് മുൻ ഇന്ത്യൻ താരം

Saturday 21 February 2026 11:01 AM IST

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ, ടീം കോമ്പിനേഷനെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ പൂജ്യത്തിന് പുറത്തായെങ്കിലും യുവ ഓപ്പണർ അഭിഷേക് ശർമ്മയെ മാറ്റി സഞ്ജു സാംസണെ ടീമിലെടുക്കരുതെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. നിലവിലെ മോശം ഫോമിന്റെ പേരിൽ അഭിഷേകിനെ ഒഴിവാക്കരുതെന്നാണ് ചോപ്രയുടെ പക്ഷം.

'ഒന്നോ രണ്ടോ തവണ പരാജയപ്പെട്ടെന്ന് കരുതി താരങ്ങളെ പുറത്താക്കരുത്. അഭിഷേക് ശർമ്മ എക്സ്ഫാക്ടർ ആണ്. ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലും അദ്ദേഹം തുടക്കത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയാൽ അഭിഷേക് നന്നായി ബാറ്റുചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

സഞ്ജു അത്ര മികച്ച ഫോമിലല്ല ഇപ്പോൾ. കൂടുതൽ റൺസും സ്‌കോർ ചെയ്തിട്ടില്ല. മാർക്കോ യാൻസനെപ്പോലുള്ള പേസർമാരെ നേരിടാൻ സഞ്ജുവിന് ഇപ്പോൾ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല',​ അദ്ദേഹം പറഞ്ഞു. നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു എട്ട് പന്തിൽ 22 റൺസ് എടുത്തിരുന്നെങ്കിലും, അതിനു മുൻപുള്ള ന്യൂസിലൻഡ് പരമ്പരയിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് വെറും 46 റൺസാണ് താരത്തിന് നേടാനായത്.

'അഭിഷേകിനെ പുറത്തിരുത്തുന്ന കാര്യം അംഗീകരിക്കാനാവില്ല. അദ്ദേഹം ഓഫ് സ്പിന്നർമാർക്കെതിരെ കളിക്കൻ ബുദ്ധിമുട്ടുന്നുണ്ടെന്ന കാര്യം ശരിയാണ്. സയിം അയൂബ്, സൽമാൻ അലി ആഗ, ആര്യൻ ദത്ത് എന്നിവർക്കെതിരെ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ എയ്ഡൻ മാർക്രത്തിന്റെ ഓഫ് സ്പിന്നിനെ ഭയപ്പെടേണ്ടതില്ല. പവർപ്ലേയിൽ ഇന്ത്യൻ ബാറ്റർമാർ ആക്രമിച്ചു കളിക്കണം. സിക്സറുകൾ നേടാൻ ശ്രമിക്കണം. അഭിഷേക് തുടക്കത്തിൽ സിംഗിൾ എടുത്ത് കളിക്കാൻ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കണം,'- ആകാശ് ചോപ്ര വ്യക്തമാക്കി. സൂപ്പർ എയിറ്റ് മത്സരത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.