കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു, ഗായികയ്ക്ക് ദാരുണാന്ത്യം

Saturday 21 February 2026 11:22 AM IST

കൊല്ലം: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മിയാണ് (20) മരിച്ചത്. ഇന്നുരാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബിവ്റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.