മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കൊട്ടാരക്കരയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടിയിൽ നിന്നകലാൻ കാരണമായതെന്നും രശ്‌മി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'എനിക്കുണ്ടായ അനുഭങ്ങൾ പൊതുസമൂഹത്തോട് തുറന്നുപറയും. ഐഷാ പോറ്റിയുടെ കടന്നുവരവല്ല എന്റെ തീരുമാനത്തിന് കാരണം. ഒരു വിഭാഗം മന:പ്പൂർവ്വം അകറ്റിനിർത്തി. കോൺഗ്രസിലെ ഒരാൾ മോശം വാക്കുകൾ എന്നെക്കുറിച്ച് പറഞ്ഞു. നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പാർട്ടിവിടുന്നുവെന്ന വാർത്തകൾക്കുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൊടിക്കുന്നിൽ സുരേഷും മാത്രമാണ് എന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാർട്ടി വിടാൻ കാരണം. കൊട്ടാരക്കര കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തീരുമാനിക്കും'- രശ്‌മി വ്യക്തമാക്കി.
2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു രശ്‌മി. അയിഷാ പോറ്റി ഇടതുമുന്നണിയിൽ നിന്ന് കോൺഗ്രസിൽ ചേർന്നതുമുതൽ രശ്‌മി പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രണ്ട് ഉപാധികൾ കോൺഗ്രസിനുമുന്നിൽ രശ്‌മി വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാദ്ധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു രശ്മി.