പലിശയിനത്തിൽ 11 ലക്ഷം കിട്ടും; 1000 രൂപ നിക്ഷേപിക്കാൻ റെഡിയാണെങ്കിൽ 36 ലക്ഷം അക്കൗണ്ടിൽ ക്രെഡിറ്റാകും
സുരക്ഷിതവും ലാഭകരവുമായ നിരവധി നിക്ഷേപപദ്ധതികൾ തപാൽ വകുപ്പിന് കീഴിലുണ്ട്. ഭാവിജീവിതം സുരക്ഷിതമാക്കാൻ കൂടുതൽപേരും പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ചേരാറുണ്ട്. ഇത്തരത്തിൽ നിക്ഷേപകർക്ക് വലിയൊരു തുക സമ്പാദിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിഡുള്ള പദ്ധതിയിലൂടെ 36 ലക്ഷം രൂപ വരെ നേടാനുള്ള അവസരമാണ് പോസ്റ്റ് ഓഫീസുകൾ ഒരുക്കുന്നത്.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പദ്ധതിയായതുകൊണ്ട് പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെയെന്നതും പ്രത്യേകതയാണ്. നിലവിൽ മികച്ച പലിശയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പ്രതിവർഷം ഒന്നര ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവും ലഭിക്കും. അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധി.
ഈ പദ്ധതിയുടെ പ്രധാന ആകർഷണം ഇതിലെ കോമ്പൗണ്ടിങ് ഇഫക്റ്റ് (കൂട്ടുപലിശ) ആണ്. ഉദാഹരണത്തിന്, ഒരാൾ 25 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ അത് 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് അഞ്ച് വർഷത്തിനുള്ളിൽ പലിശയിനത്തിൽ മാത്രം നിക്ഷേപകന് ലഭിക്കാൻ പോകുന്നത്.ഈ പദ്ധതിയുടെ രേഖകൾ ഈടായി നൽകി ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
നിക്ഷേപം
വെറും 1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഏതൊരു ഇന്ത്യൻ പൗരനും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അടിസ്ഥാന രേഖകൾ നൽകി അക്കൗണ്ട് തുടങ്ങാം.
പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം പേരിലോ മറ്റൊരാളുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടായോ നിക്ഷേപം നടത്താം. 10 വയസിനുമുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും, അതിൽ താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴിയും അക്കൗണ്ട് ആരംഭിക്കാം. എന്നാൽ എൻആർഐകൾക്കും കമ്പനികൾക്കും ട്രസ്റ്റുകൾക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. സാമ്പത്തിക വിദഗ്ദരുടെ നിർദ്ദേശം തേടിയതിനുശേഷം മാത്രം പദ്ധതിയിൽ ചേരാവുന്നതാണ്.