ആകെ 2.69 കോടി വോട്ടർമാർ; കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Saturday 21 February 2026 5:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികൾ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2025 ഒക്‌ടോബറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേര്‍ പുറത്തായിരുന്നു. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിംഗ് ഉൾപ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാൻസ്ജെൻഡർ വോട്ടർമാർ - 27, പ്രവാസി വോട്ടര്‍മാര്‍ - 2,23,558, സര്‍വീസ് വോട്ടര്‍മാര്‍ - 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടര്‍മാരാണുള്ളത്. 85 വയസില്‍ അധികമുള്ള 2,04,608 വോട്ടര്‍മാരുണ്ട്

കൂടുതൽ വിവരങ്ങൾ https://electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. വോട്ടർ ഐഡിയോ ബന്ധുവിന്റെ പേരോ ഫോൺ നമ്പറോ ജനനത്തീയതിയോ വയസോ ഉപയോഗിച്ച് പരിശോധിക്കാം.

എസ്ഐആറിന്റെ ഭാഗമായി ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിംഗിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.