രക്ഷാപ്രവർത്തകർക്ക് പിടികൊടുക്കാതെ പൂച്ച; ദൗത്യം  താത്കാലികമായി നിർത്തി

Saturday 21 February 2026 6:55 PM IST

കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്‌ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് അധികൃതർ. രക്ഷാപ്രവർത്തകരെ കബളിപ്പിച്ച് പൂച്ച പില്ലറിനുള്ളിലൂടെ ഓടിക്കളിക്കുകയാണ്. ഇതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ഓടിനടക്കുന്നതിനാൽ പൂച്ചയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ലെന്ന് അധികൃതർ പറയുന്നു. രാത്രി 11 മണിയോടെ ദൗത്യം പുനരാരംഭിക്കും.

പൂച്ചയ്ക്കാവശ്യമായ ഭക്ഷണം, കയറാൻ കൂട് എന്നിവ മുകളിൽ തയ്യാറാക്കിവച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ഫയർഫോഴ്‌സും അനിമൽ റസ്‌ക്യു സംഘവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാദൗത്യത്തിനിടെ ഹൈഡ്രോളിക് ലിഫ്‌റ്റ് തകരാറിലായത് വലിയ തിരിച്ചടിയായിരുന്നു.

പൂച്ച പില്ലറിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 385-ാംപില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പൂച്ചയെ പിടികൂടുന്നതിനായി മെട്രോ സർവീസ് 15 മിനിറ്റോളം നിർത്തിവച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി താഴെ റോഡിൽ ഒരുവശത്തുകൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. രാവിലെ 11 മണിയോടുകൂടിയാണ് ദൗത്യം തുടങ്ങിയത്. സുഭാഷ് എന്ന് പേരുള്ള പൂച്ചയാണ് കുടുങ്ങിയത്.

മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്‌ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ ആദ്യം തീരുമാനിച്ചത്. എന്നാൽ, പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ വേണമെന്ന ആവശ്യം കടുക്കുകയായിരുന്നു. പില്ലറിന് മുകളിൽ ഒരു മൂലയിൽ തളർന്നുകിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്.