ബ്ലാസ്റ്റേഴ്‌സ് - ജിസിഡിഎ തർക്കം പരിഹരിച്ചു,​ കലൂരിൽ ഐഎസ്എൽ മത്സരം നാളെ നടക്കും

Saturday 21 February 2026 9:01 PM IST

കൊച്ചി: വാടക കുടിശികയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ നാളത്തെ ഐ.എസ്.എൽ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിട്ടിയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചതോടെയാണ് പ്രശ്നം ഒഴിവായത്. വാടകയും കുടിശികയും അടയിക്കാൻ ബ്ലാസ്റ്റേഴ്സിന് ജി.സി.ഡി.എ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം 28 ലക്ഷം രൂപ അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.

വാടക നൽകാത്തതിനെ തുടർന്ന് കലൂർ സ്റ്രേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫീസ് ജി.സി.ഡി.എ അധികൃതർ പൂട്ടിയതോടെയാണ് ഐ.എസ്.എൽ മത്സരം പ്രതിസന്ധിയിലായത്. സ്റ്റേഡിയത്തിനുള്ളിൽ മത്സര ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജി.സി.ഡി.എ ഉദ്യോഗസ്ഥർ പുറത്താക്കുകയും ചെയ്തു. വാർത്താസമ്മേളന വേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പ്രീ മാച്ച് വാർത്താസമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

പിന്നാലെ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അബീക് ചാറ്റർജിയും ഉടമകളും ജി.സി.ഡി,​എ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരമായത്.

വാടക നൽകാൻ കൂടുതൽ സമയം വേണമെന്ന് ബ്ലാസ്റ്റേഴ്സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയം വിട്ടുനൽകാൻ ജി.സി.ഡി.എ തയ്യാറായതോടെ നാളത്തെ മത്സരം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി.