പാലക്കാട് ജില്ലയിൽ ആകെ വോട്ടർമാർ 22.53 ലക്ഷം

Sunday 22 February 2026 1:25 AM IST
അന്തിമ വോട്ടർ പട്ടിക പ്രകാശനം പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളുടെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറായ ആർ.ഡി.ഒ കെ.മണികണ്ഠന് നൽകി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി നിർവഹിക്കുന്നു.

പാലക്കാട്: ജില്ലയിൽ 2026ലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ 2026) പ്രക്രിയ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനശേഷം ലഭിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അന്തിമ പട്ടിക പ്രകാരം പാലക്കാട് ജില്ലയിൽ ആകെ 22,53,073 വോട്ടർമാരാണുള്ളത്. 11,05,398 പുരുഷന്മാരും 11,47,655 സ്ത്രീകളും 20 ഭിന്നലിംഗക്കാരുമാണ് ഉൾപ്പെടുന്നത്. കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ 1,11,797 പേരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം പട്ടാമ്പിയാണ്. 2,10,000 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് തരൂർ മണ്ഡലത്തിലാണ്. 1,63,524 പേരാണ് ഇവിടെ പട്ടികയിലുള്ളത്. സ്ത്രീ വോട്ടർമാർ ഏറ്റവും കൂടുതൽ ഒറ്റപ്പാലം മണ്ഡലത്തിലാണ്, 1,07,272 പേർ. ഏറ്റവും കുറവ് സ്ത്രീ വോട്ടർമാർ തരൂർ മണ്ഡലത്തിൽ, 83,059 പേർ. പുരുഷ വോട്ടർമാർ കൂടുതൽ പട്ടാമ്പി മണ്ഡലത്തിലാണ്, 1,04,047 പേർ. തരൂർ മണ്ഡലം ആണ് ഏറ്റവും പിന്നിൽ. 80,465 പേർ. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം: തൃത്താല 2,02,694, ഷൊർണ്ണൂർ 1,98,327, ഒറ്റപ്പാലം 2,08,444, കോങ്ങാട് 1,81,790, മണ്ണാർക്കാട് 2,05,816, മലമ്പുഴ 1,93,416, പാലക്കാട് 1,74,179, ചിറ്റൂർ 1,70,101, നെന്മാറ 1,80,531, ആലത്തൂർ 1,64,251. യുവ വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കരട് പട്ടികയിൽ 18-19 പ്രായപരിധിയിലുള്ള 4,479 പേർ ഉണ്ടായിരുന്നത് അന്തിമ പട്ടികയിൽ 34,281 ആയി ഉയർന്നു. കരട് പട്ടികയിൽ 1,754 പേർ മാത്രമായിരുന്ന വിദേശ ഇന്ത്യൻ വോട്ടർമാരുടെ എണ്ണം അന്തിമ പട്ടികയിൽ 8,300 ആയി കൂടി. പ്രത്യേക ദുർബല ഗോത്രവർഗ്ഗക്കാരിൽ ഉൾപ്പെട്ട ജില്ലയിലെ കുറുമ്പ, കാട്ടുനായ്ക്കർ, കാടർ എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്നുള്ള 18 വയസ്സിന് മുകളിലുള്ള 3,252 പേരെയും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാം

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം അവസാനിച്ചിട്ടില്ലെന്നും കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്താവുന്നതുമാണെന്നും ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഈ അന്തിമ പട്ടികയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന സപ്ലിമെന്ററി പട്ടികയും ചേർത്തായിരിക്കും ഉപയോഗിക്കുക. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ അന്തിമ വോട്ടർ പട്ടിക പ്രകാശനം ചെയ്തു.