കൂലി 1,500 രൂപ; കിട്ടാനില്ല കാട്ടുപന്നി ഷൂട്ടർമാരെ
വടക്കഞ്ചേരി: തോക്കും ലൈസൻസുമുള്ള ഷൂട്ടറുടെ ഓണറേറിയം 1500 രൂപ. അതും കുടിശികയാകുമ്പോൾ യാത്രാച്ചെലവിനു പോലും പണമില്ലാത്തതിനാൽ കാട്ടുപന്നി ഷൂട്ടർമാരെ കിട്ടാനില്ല. കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിൽ ഷൂട്ടർമാർക്കും തോക്കിനും ഏർപ്പെടുത്തിയ നിയന്ത്രണം സർക്കാർ മരവിപ്പിച്ചെങ്കിലും കൊന്നു മറവുചെയ്യുന്നതിനുള്ള പ്രതിഫലത്തിൽ വർദ്ധനയില്ല. ഷൂട്ടർമാർക്ക് പലയിടങ്ങളിലും വൻ തുകയാണ് കുടിശികയുള്ളത്. ഒരേ ഷൂട്ടർ മൂന്നും നാലും പഞ്ചായത്ത് പരിധികളിൽ വെടിവയ്‌ക്കേണ്ട സാഹചര്യമാണ്. നാട്ടിലും നഗരത്തിലും കാട്ടുപന്നികൾ പെരുകിയ സാഹചര്യത്തിൽ വേണ്ടത്ര ഷൂട്ടർമാരില്ലെന്നതും പരിമിതിയാണ്. എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുമെന്ന് വനംമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വനമോ വനാതിർത്തിയോ ഇല്ലാത്ത പഞ്ചായത്തുകളിലും കാട്ടുപന്നികൾ അനിയന്ത്രിതമായി പെരുകുകയാണ്.
തോക്കിന്റെ തിരയ്ക്കും ചെലവേറെ
അക്രമകാരികളായ കാട്ടുപന്നികളെ ഒറ്റ വെടിക്ക് വീഴ്ത്തുകയെന്നത് സാഹസികമാണ്. തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാൻ ഒരു തിരയ്ക്ക് 100-120 രൂപ ചെലവു വരും. ചിലപ്പോൾ നാലഞ്ച് തിരകൾ വരെ വേണ്ടിവരും. അഞ്ച് വെടി വച്ചാൽ തിരയ്ക്കു മാത്രം 600 രൂപ. ആക്രമണകാരികളായ പന്നികളെ ജീവന് പണയം വച്ചാണു വെടിവയ്ക്കുക. ചില ജില്ലകളിൽ ഷൂട്ടർമാരുടെ ടീം വേട്ടനായ്ക്കൾക്കൊപ്പമാണ് ഓപ്പറേഷനെത്തുക. മണ്ണെണ്ണ ഒഴിച്ച് പന്നിയെ ആഴത്തില് മറവു ചെയ്യാൻ അനുവദിക്കുന്നതാവട്ടെ രണ്ടായിരം രൂപ. തുടക്കത്തില് കാട്ടുപന്നികളെ കൊല്ലാനുള്ള ചെലവ് അതാത് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കുകയായിരുന്നു. ഇത് ഗ്രാമപഞ്ചായത്തുകൾക്കു അധികബാധ്യതയായതോടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്തുകൾക്ക് സമയബന്ധിതമായി ഈ തുക ലഭിക്കുന്നില്ല. നാട്ടിൽ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതിനുശേഷം സംസ്ഥാനത്ത് അയ്യായിരത്തോളം പന്നികളെ കൊന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് കൂടുതൽ കൊന്നത് 1500.