അച്ചൻകോവിലാർ കടക്കാൻ അരുവാപ്പുലം-ഐരവൺ പാലം

Sunday 22 February 2026 12:32 AM IST

കോന്നി: അച്ചൻകോവിലാറിന് കുറുകെ അരുവാപ്പുലം-ഐരവൺ കരകളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ ഗർഡർ കോൺക്രീറ്റ് പണികൾ ആരംഭിച്ചു. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തതോടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

നദിയിൽ മൂന്ന് സ്പാനുകൾ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയത്. സ്പാനുകൾ പൂർത്തിയായാൽ കരയിലേയ്ക്കുള്ള മറ്റ് സ്പാനുകളും അപ്രോച്ച് റോഡുകളും പൂർത്തിയാക്കി പാലം നാടിന് സമർപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയിൽ ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം.

അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് മുടങ്ങിയതോടെ നിർമ്മാണ കാലാവധി കഴിഞ്ഞ പാലത്തിന്റെ പ്രവൃത്തികൾ പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിച്ചതോടെയാണ് നിർമ്മാണം വേഗത്തിലായത്.

പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. 18 മാസമായിരുന്നു കാലാവധി. എന്നാൽ, ആദ്യഘട്ടത്തിൽ ഏഴുമാസം മാത്രമാണ് നിർമ്മാണം നടന്നത്. അരുവാപ്പുലം, ആറ്റുവശം ഭാഗങ്ങളിൽ സ്വകാര്യ ഭൂവുടമകൾക്ക് നാലുവർഷം മുമ്പ് അഡ്വാൻസ് തുക നൽകിയിരുന്നു. എങ്കിലും ബാക്കി തുക നൽകി ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിയാതെ വന്നതോടെ പാലം നിർമ്മാണം പ്രതിസന്ധിയിലാവുകയായിരുന്നു. ഇത് പരിഹരിച്ചാണ് ഇപ്പോൾ ഭൂമി ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

ദ്രുതഗതിയിൽ നിർമ്മാണം

 അരുവാപ്പുലം കരയിലെ തൂണുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചു

 പാലത്തിന്റെ മുഴുവൻ തൂണുകളും പൂർത്തിയായി

 നദിക്ക് കുറുകെ മൂന്ന് സ്പാനുകൾ

 ഇരുകരകളിലുമായി ആറ് സ്പാനുകൾ

 നദിക്ക് കുറുകെയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് പി.എസ്.സി ഗർഡർ രൂപകൽപ്പന

 ലാൻഡ് സ്പാനുകൾക്ക് ആർ.സി.സി സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ്‌സ്ട്രക്ടർ രൂപകൽപ്പന

ചെലവ്

₹ 12.25 കോടി

നീളം

183.7 മീറ്റർ

വീതി

11 മീറ്റർ

നടപ്പാത വീതി

1.5 മീറ്റർ

(ഇരുവശത്തും)​

പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ അരുവാപ്പുലം-ഐരവൺ കരകളിൽ താമസിക്കുന്നവർക്ക് കോന്നി ടൗണിലെത്താതെ അച്ചൻകോവിലാറിന്റെ ഇരുകരകളിലും എത്താൻ കഴിയും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ