മത്സ്യക്കെട്ടുകളിൽ വൈറസ്ബാധ: ചെമ്മീനും ഞണ്ടും ചത്തൊടുങ്ങി

Sunday 22 February 2026 2:55 AM IST

പറവൂർ: മത്സ്യക്കെട്ടുകളിൽ വൈറസ് രോഗബാധയാൽ ചെമ്മീൻ, ഞണ്ട് എന്നിവ കൂട്ടതോടെ ചത്തൊടുങ്ങുന്നു. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രോഗബാധയുണ്ടെങ്കിലും എറണാകുളം ജില്ലയിലാണ് കൂടുതൽ. മുൻ വർഷങ്ങളിലും വൈറസ് ബാധയുണ്ടായിരുന്നു. മത്സ്യക്കെട്ടുകളിൽ കാര, നാരൻ ഇനം ചെമ്മീനുകൾ കൂടുതൽ ലഭിക്കുന്നത് രണ്ട് തക്കങ്ങളിലെ വലവെപ്പുകളിലാണ്. ഈ വർഷത്തെ പൂയ്യത്തക്കത്തിലും ശിവരാത്രിതക്കത്തിലും ചെമ്മീൻ കുറവായത് മത്സ്യകർഷകരെ നിരാശയിലാക്കി. എല്ലായിനം ചെമ്മീനുകളും ഞണ്ടുകളും ചത്തൊടുങ്ങിയെന്നാണ് രണ്ട് വലവയ്പുതക്കങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. രോഗം ബാധിച്ച ചെമ്മീനുകൾക്ക് ഭക്ഷണം കഴിക്കാനാവാതെ വളർച്ച മുരടിക്കും. പിന്നീട് കെട്ടിന്റെ അടിത്തട്ടിൽ ചത്തൊടുങ്ങും. വൈറസ്ബാധ നിയന്ത്രിക്കാൻ നിലവിൽ മാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു.

കെട്ടുകളിൽ മത്സ്യകൃഷിക്കുള്ള

സമയം നീട്ടിനൽകണം

വൈറസ്ബാധയേറ്റതിനാൽ ചെമ്മീൻ, ഞണ്ട് എന്നിവയിൽ കാര്യമായ കുറവുണ്ടായി. ഇത് പരിഹരിക്കാൻ കെട്ടുകളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ രണ്ടാമത് നിക്ഷേപിച്ചിട്ടുണ്ട്. വളർച്ചക്ക് മൂന്ന് മാസം സമയമെടുക്കും. ഏപ്രിൽ പകുതിയോടെ ലൈസൻസ് കാലവധി കഴിയും. തകർച്ചയിൽ നിന്ന് കരകയറണമെങ്കിൽ കാലയളവ് ഒരുമാസം കൂടിവേണം. ഇതുസംബന്ധിച്ച് ഫിഷറിസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

കെ.എക്സ്. സെബാസ്റ്റ്യൻ,

കെ.എ.എഫ്.എഫ് ജനറൽ സെക്രട്ടറി