ക്ഷീര കർഷകർക്ക് മലബാർ മിൽമയുടെ 49 കോടി

Sunday 22 February 2026 12:04 AM IST

കോഴിക്കോട്: അധിക പാൽവില, കാലിത്തീറ്റ സബ്സിഡി ഇനങ്ങളിൽ ക്ഷീര കർഷകർക്ക് നടപ്പു സാമ്പത്തികവർഷം മലബാർ മിൽമ നൽകിയ സാമ്പത്തിക സഹായം 49 കോടി രൂപ കവിഞ്ഞു. ഇന്നലെ മലബാർ മേഖലാ യൂണിയൻ പ്രഖ്യാപിച്ച 17 കോടിയുടെ ആനുകൂല്യങ്ങൾ ഉൾപ്പെടെയാണിത്. യൂണിയന്റെ കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലൂടെ ജനുവരിയിൽ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് അഞ്ചു രൂപ അധികം നൽകും. ഈയിനത്തിൽ 221 ലക്ഷം ലിറ്റർ പാലിന് 11.6 കോടി രൂപ മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര കർഷകർക്ക് ജനുവരിയിൽ ലഭിക്കും. ക്ഷീരസംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാർച്ച് ഒന്നു മുതൽ 10 വരെയുള്ള പാൽവിലയോടൊപ്പം ഈ തുക നൽകും.

മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 100 രൂപ സബ്സിഡിയും മലബാർ റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ട്രൂമീൽ ടി.എം.ആർ കാലിത്തീറ്റയുടെ കിലോയ്ക്ക് ഒരു രൂപ നിരക്കിലുള്ള സബ്സിഡിയും മാർച്ചിലും ലഭിക്കും. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ നൽകുന്ന സബ്സിഡിയും മാർച്ച് വരെയുണ്ടാകും. ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 300 രൂപ സബ്സിഡിയിനത്തിൽ നൽകും. എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾക്കും പ്രവർത്തന ഫണ്ടിലേക്ക് 2.21 കോടി രൂപയും ക്ഷീര സംഘങ്ങളിലെ ജീവനക്കാരുടെ പ്രവർത്തന ഫണ്ടിലേക്ക് 2 കോടിയും നൽകുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ അറിയിച്ചു.