മന്ത്രി വീണയ്ക്കെതിരെ ജില്ലയിൽ കോൺഗ്രസ് പ്രതിഷേധം

Sunday 22 February 2026 12:19 AM IST

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ ജില്ലയിൽ യു.ഡി.എഫിന്റെ പ്രതിഷേധം. ഇന്നലെ രാവിലെ മന്ത്രി പങ്കെടുത്ത സ്വാഗത സംഘം യോഗത്തിൽ നഗരസഭ യു.ഡി.എഫ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇതിനിടെ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൂക്കുവിളികളും നടന്നു.

ജില്ലയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കൂടിയ യോഗത്തിലായിരുന്നു പ്രതിഷേധം. പൂർത്തിയാകാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ച് ബഹളംവച്ചു. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകർ പ്രതിരോധിക്കാൻ മുന്നോട്ടുവന്നു. മന്ത്രിയും യു.ഡി.എഫ് നേതാക്കളും സംസാരിക്കുമ്പോൾ ഇരുവിഭാഗങ്ങളും പരസ്പരം വാക്കുതർക്കത്തിലായി.

സംഘർഷത്തിലേക്ക് നീങ്ങുമെന്നായപ്പോൾ പൊലീസ് ഇടപെട്ടു. ഇതോടെ യു.ഡി.എഫ്‌ നഗരസഭ കൗൺസിലർ എ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ യോഗം ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങി. പിന്നീട് മന്ത്രിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു.

കോഴഞ്ചേരി ജില്ലാ ആശുപത്രി ഒ.പി ബ്ലോക്ക് കെട്ടിടം, പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടം, ജില്ലാ സ്‌റ്റേഡിയം, വിവിധ റോഡുകർ എന്നിവയുടെ ഉദ്ഘാടനം നടത്താനാണ് യോഗം വിളിച്ചത്. ജില്ലാ സ്‌റ്റേഡിയം നിർമ്മാണം പാതിവഴിയിലായതേയുള്ളൂവെന്നും ഇലക്ഷനടുത്തതോടെ മന്ത്രി തിരക്കിട്ട് കപട ഉദ്ഘാടനം നടത്തുകയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

മാദ്ധ്യമങ്ങളോട് തർക്കിച്ച് മന്ത്രി

ആരോഗ്യമന്ത്രിയെ പ്രവർത്തകർ കൂക്കുവിളിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളുമായി തർക്കിച്ച് മന്ത്രി വീണാ ജോർജ്. യു.ഡി.എഫിന്റെ പക്ഷം അവർ നേരിട്ട് പറയുമെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങൾ വാർത്ത വളച്ചൊടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.