പന്തളം കവർച്ചാ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sunday 22 February 2026 12:24 AM IST

പന്തളം: പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ. തിരുക്കുറംഗുഡി ഗ്യാംഗിലെ പ്രധാനികളായ തിരുനെൽവേലി നമ്പിതലൈവൻ പട്ടയം ഇസക്കി രാജ എന്നറിയപ്പെടുന്ന കടപ്പാ രാജ (28), സഹോദരൻ നമ്പിരാജ (23) എന്നിവരെയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിൽ നിന്ന് പന്തളം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.

പന്തളം കൈപ്പുഴ സ്വദേശി ബിജുവിന്റെ വീട്ടിൽ നിന്നാണ് 51.5 പവൻ കവർന്നത്. തുടർന്ന് വാടക കാറിൽ കർണാടക വ്യാജ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉടുപ്പിയിലെത്തി പ്രവാസിയുടെ വീട്ടിൽ നിന്ന് 70 പവനും 9 ലക്ഷം രൂപയും കവർന്നു. വീണ്ടും കേരളത്തിലെത്തി കൊല്ലം കുമ്പളത്തും സമാന രീതിയിൽ മോഷണം നടത്തി തിരികെ തമിഴ്നാട്ടിലെത്തി. ഇതിനിടെയാണ് ആദ്യ അറസ്റ്റ്. അടൂർ ഡിവൈഎസ്.പി വി.എസ്.പ്രദീപ്കുമാർ, പന്തളം എസ്.എച്ച്.ഒ ടി.ഡി.പ്രജീഷ്, എസ്.ഐ യു.വി.വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ ടി.എസ്.അനീഷ്, എസ്.അൻവർഷ, ആർ.രഞ്ജിത്ത്, നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പടികൂടിയത്.