ഒന്നല്ല, ഒരേ സമയം രണ്ട് രാജവെമ്പാലയുമായി യുവതിയുടെ അഭ്യാസം; ചീറ്റി അടുത്തെത്തി പാമ്പ്

Saturday 21 February 2026 10:56 PM IST

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. പാമ്പുകളിലെ രാജാവ് എന്ന വിശേഷണം ഇവയ്ക്കുണ്ട്. രാജവെമ്പാല ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് 20 മനുഷ്യരെ വരെ കൊല്ലാനും അല്ലെങ്കിൽ ഒരു ആനയെ പോലും വകവരുത്താനും ശേഷിയുണ്ട്.

എന്നാല്‍ അത്ര വേഗത്തില്‍ വിഷം പ്രയോഗിച്ചുള്ള കടി ഇവ നടത്താറില്ലെന്നതാണ് പ്രധാനമായ കാര്യം. ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമേ രാജവെമ്പാലകള്‍ വിഷം പുറത്തേക്ക് പ്രയോഗിക്കുകയുള്ളൂ. തന്റെ വലിയ ശരീരവും തലയെടുപ്പും ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയാണ് പൊതുവേ രാജവെമ്പാലകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ രണ്ട് രാജവെമ്പാലയെ പിടികൂടിയ ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സൈബ എന്ന യുവതിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്.

'രണ്ട് ഗ്രാമങ്ങളിൽ നിന്ന് ഒരേ ദിവസം രണ്ട് രാജവെമ്പാലകളെ രക്ഷപ്പെടുത്തി. സുരക്ഷിതമായി കാട്ടിലേക്ക് വിട്ടു'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. സെെബ വിവിധതരം പാമ്പുകളെ പിടിക്കുന്ന നിരവധി വീഡിയോകൾ ഈ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. യുവതി രണ്ട് രാജവെമ്പാലയുടെയും വാൽ പിടിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്ക് യുവതിയ്ക്ക് നേരെ പാമ്പ് ചീറ്റുന്നുമുണ്ട്. എന്നാൽ യുവതിയെ ഉപദ്രവിക്കാൻ പാമ്പ് ശ്രമിക്കുന്നില്ല. പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. നിരവധിപേരാണ് കമന്റും ലെെക്കുമായി രംഗത്തെത്തുന്നത്. യുവതിയുടെ ധെെര്യത്തെയും പലരും പ്രശംസിക്കുന്നുണ്ട്.