സെർവർ പ്രവർത്തനരഹിതമാക്കി കമ്പനി ,​ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് മെഷീനുകൾ ചത്തു

Saturday 19 October 2019 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകിയ കമ്പനി ഒരു കോടി രൂപ വാടക കുടിശിക നൽകാനുണ്ടെന്ന് പറഞ്ഞ് സെർവർ പ്രവർത്തനരഹിതമാക്കി. സെർവറിന്റെ പാസ് വേഡ് മാറ്റിയാണ് ബംഗളൂരുവിലെ കമ്പനി പണി കൊടുത്തത്. അതേസമയം, ഇത്രയും പണം നൽകാനില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.

കോർപറേഷന്റെ കണക്ക് പ്രകാരം 19 ലക്ഷം രൂപയാണ് നൽകാനുള്ളത്. പുതിയ ടിക്കറ്റ് മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചതിനാൽ പഴയ സെർവർ സംവിധാനം ഉപേക്ഷിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. അപ്പോഴും കുടിശിക കൊടുക്കാതെ രക്ഷപ്പെടാനായിരുന്നു ശ്രമം. പുതിയതിനായി ആറു തവണ ടെൻഡർ വിളിച്ചെങ്കിലും തീരുമാനമായില്ല. ടെൻ‌‌ഡർ നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നിൽ ചിലരുടെ കമ്മിഷൻ താത്പര്യമാണെന്ന് ആരോപണമുണ്ട്.

പഴയ റാക്കിൽ തപ്പിത്തടഞ്ഞ്

രണ്ടു ദിവസമായി ഇലക്ട്രോണിക് മെഷീനു പകരം പഴയ ടിക്കറ്റ് റാക്കാണ് ഒട്ടുമുക്കാൽ കണ്ടക്ടർമാർക്കും നൽകിയിട്ടുള്ളത്. പുതിയ കണ്ടക്ടർമാർക്ക് റാക്ക് നേരാം വണ്ണം ഉപയോഗിക്കാൻ അറിയില്ല. ടിക്കറ്റ് കൊടുക്കാൻ വൈകുന്നതു കാരണം വേഗത വളരെ കുറച്ച് ബസ് ഓടിക്കേണ്ടി വരുന്നത് സർവീസുകളുടെ സമയക്രമം തെറ്റിക്കുന്നു. പല നിരക്കുകൾക്കും ഒന്നിലധികം ടിക്കറ്റുകൾ കൂട്ടിച്ചേർത്ത് നൽകേണ്ട അവസ്ഥയുമാണ്.