സമരാഭാസങ്ങൾ കയ്യുംകെട്ടി നോക്കിനിൽക്കില്ല: സി.പി.എം
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികൾ തടസപ്പെടുത്തിയും പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചു,പൊലീസ് വാഹനം തകർത്തു,അവരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനാണ്. സംസ്ഥാനത്തെ സമാധാനപൂർണമായ അന്തരീക്ഷം നിലനിറുത്താൻ എല്ലാവരും സഹകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളത്തിലുള്ളത്. യു.ഡി.എഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്. ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ് നായകളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങൾ. അന്നൊക്കെ സി.പി.എം സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യ സമരമാർഗവുമല്ല.
കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര മികച്ച നിലയിലേക്ക് പൊതുജനാരോഗ്യ മേഖലയെ പടുത്തുയർത്തത് ഈ കാലയളവിലാണ്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കരൾ,ഹൃദയ മാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. ഇത്രയേറെ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് ലക്ഷക്കക്കണക്കിന് സാധാരണക്കാർ ചികിത്സ തേടിയെത്തും. അതിനിടയിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട പിഴവുകളോടും ഒരു വിട്ടുവീഴ്ചയും സർക്കാർ കാണിച്ചിട്ടില്ല. അന്വേഷണം നടത്തി കർശന നടപടികളാണ് എടുത്തിട്ടുള്ളത്. കനഗോലുവും കോൺഗ്രസും മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നുണയുദ്ധവും അതിന്മേലുള്ള അതിക്രമങ്ങളും കേരളത്തിൽ വിലപ്പോകുമെന്ന് കരുതരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.