കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക, തിരഞ്ഞെടുപ്പ് തീയതി വന്ന ശേഷം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക മാർച്ചിൽ തിരഞ്ഞെടുപ്പ് തീയതി വന്ന ശേഷമേ പ്രഖ്യാപിക്കൂവെന്ന് സൂചന. ഇതേത്തുടർന്ന് ഇന്ന് ഡൽഹിയിൽ നടത്താനിരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റിവച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സീറ്റു വിഭജനത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ മുസ്ളീം ലീഗ് നേതാക്കൾ ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്താനിരുന്ന ചർച്ച മാറ്റി.
തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ പാലക്കാട്ടും തൃപ്പൂണിത്തുറയും ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ആലോചിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യ വാരമോ രണ്ടാം വാരമോ വരുമെന്ന സൂചനയെ തുടർന്നാണ് ധൃതിപിടിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുകയും വോട്ടെടുപ്പ് തീയതി നീളുകയും ചെയ്‌താൽ അണികളിലെ ആവേശം വോട്ടെടുപ്പ് ദിനം വരെ നിലനിറുത്താൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വൈകി പ്രഖ്യാപിച്ചാൽ പ്രചാരണച്ചെലവ് കുറയ്‌ക്കാനുമാകും. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഹൈക്കമാൻഡുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നു.
കുഞ്ഞാലിക്കുട്ടി യാത്ര റദ്ദാക്കി
കേരളത്തിലെ ചില സീറ്റുകൾ വച്ചുമാറാനുള്ള നിർദ്ദേശവും തമിഴ്‌നാട്ടിൽ ഡി.എം.കെയുമായുള്ള തർക്കവും സംബന്ധിച്ച ചർച്ചയ്‌ക്കായി മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ഡൽഹിയിൽി രാഹുൽ ഗാന്ധിയെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ 25ന് രാഹുൽ ഗാന്ധി വയനാട്ടിലെ വീടുകൾ കൈമാറുന്ന ചടങ്ങിനായി വരുമ്പോൾ ചർച്ച നടത്താമെന്ന ധാരണയിൽ യാത്ര റദ്ദാക്കി. ചേലക്കരയും കോങ്ങാടും വച്ചുമാറാൻ ധാരണയായെങ്കിലും പട്ടാമ്പി, ഗുരുവായൂർ, ചടയമംഗലം, പുനലൂർ, തവനൂർ, തിരുവമ്പാടി മണ്ഡലങ്ങളുടെ കാര്യത്തിലുള്ള അവ്യക്തതയാണ് ചർച്ചയാകുക.