മുഖ്യമന്ത്രിയെ കാണാൻ ഡോക്ടർമാർ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുമ്പോൾ വലഞ്ഞ് രോഗികൾ. ഒ.പികളിൽ ജൂനിയർ ഡോക്ടർമാരെ കണ്ട് മടങ്ങുകയാണ് രോഗികൾ. സമരത്തെ ആരോഗ്യവകുപ്പ് അവഗണിക്കുന്നതിനാൽ മുഖ്യമന്ത്രിയെക്കണ്ട് പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം. ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും ഡോക്ടർമാർ പറയുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഡോക്ടർമാർ ശ്രമിക്കുന്നതായാണ് വിവരം.
എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം മന്ത്രി വീണാ ജോർജ് ശക്തമായ ആയുധമാക്കുകയാണ്. ഡോക്ടർമാരുടെ പിഴവ് ഉയർത്തിക്കാട്ടി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറയുമ്പോൾ സിസ്റ്റം ഇങ്ങനെയാണെങ്കിൽ പിഴവ് ആവർത്തിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ.
ഡോ.ഷാഹിദയെ സസ്‌പെൻഡ് ചെയ്യുകയല്ല വേണ്ടെതെന്നും ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) കുറ്റപ്പെടുത്തി.
മന്ത്രി സംവാദത്തിന് തയ്യാറാകണം
ആശുപത്രികളിൽ ജോലിചെയ്യുന്നത് മന്ത്രിയല്ലെന്നും ആവശ്യത്തിന് ജീവനക്കാരില്ലെന്നും കെ.ജി.എം.സി.ടി.എ പറയുന്നു. മന്ത്രി സംവാദത്തിന് തയ്യാറാകണം. പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനാകില്ല. സിസ്റ്റത്തിന്റെ പരാജയമില്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും പറഞ്ഞു.