തങ്കച്ചൻ മികച്ച ക്ഷീര കർഷകൻ

Sunday 22 February 2026 12:14 AM IST

കൊല്ലം: മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് അവാർഡുകൾ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. മികച്ച ക്ഷീര കർഷകനുള്ള അവാർഡിന് വയനാട് യവനാർകുളം സ്വദേശി പി.ഐ.തങ്കച്ചൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 10 വർഷമായി തങ്കച്ചൻ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 40 കന്നുകാലികളെ വളർത്തുന്നു. പ്രതിദിനം 500 ലിറ്ററോളം പാൽ ക്ഷീരസംഘങ്ങൾക്ക് നൽകുന്നു.

ഇടുക്കി പുറപ്പുഴ സ്വദേശി നിഷ ബെന്നിയെ മികച്ച സമ്മിശ്ര കർഷകയായും മാനന്തവാടി സ്വദേശി ലില്ലി മാത്യുവിനെ വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകയായും (ക്ഷീരശ്രീ) തിരഞ്ഞെടുത്തു. കൊല്ലം പുത്തൻകുളം സ്വദേശി പ്രമീളയാണ് മികച്ച വനിതാ കർഷക. പത്തനംതിട്ട, പന്തളം സ്വദേശി എം.ആനന്ദ കൃഷ്ണനാണ് മികച്ച യുവകർഷകനുള്ള അവാർഡ്. മികച്ച പൗൾട്രി കർഷകയ്ക്കുള്ള അവാർഡിന് കണ്ണൂർ കാനൂർ സ്വദേശി കെ.വി.സിമി അർഹയായി.

മൃഗസംരക്ഷണ വകുപ്പിലെ ഡോ.കെ.പി.മനോജ് കുമാർ (ജില്ലാ മൃഗ സംരക്ഷണ ഓഫീസർ,കൊട്ടയം), ഡോ.സഖറിയ സാദിക്ക് മധുരക്കൊറിയൻ(ഡെപ്യൂട്ടി ഡയറക്ടർ,മലപ്പുറം),ഡോ.സിബി.കെ.ചാക്കോ,അസിസ്റ്റന്റ് ഡയറക്ടർ(ഫാം ഓഫീസർ, കോഴിക്കോട്),ഡോ.നെൽസൺ.എം.മാത്യു(വെറ്ററിനറി സർജൻ,കോട്ടയം),ഡോ.മുഹമ്മദ് ആസിഫ്(എക്സ്റ്റഷൻ ഓഫീസർ),ബിജുക്കുട്ടി(ഫീൽഡ് ഓഫീസർ,തിരുവനന്തപുരം),എസ്.എസ്.മനേഷ് കുമാർ(ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ,തിരുവനന്തപുരം) എന്നിവർ മികവിനുള്ള അവാർഡിന് അർഹരായി. 25ന് തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.