സർക്കാർ ആശുപത്രികളിൽ 1960ലെ സ്റ്റാഫ് പാറ്റേൺ!

Sunday 22 February 2026 12:00 AM IST

ആലപ്പുഴ: സർക്കാർ ആശുപത്രികൾ മിക്കതും ആറര പതിറ്റാണ്ടു മുമ്പുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന വിമർശനവുമായി ആരോഗ്യപ്രവർത്തകർ. അമിത ജോലി ഭാരം പിഴവുകൾക്ക് ഇടയാക്കും. രോഗികൾ വർദ്ധിച്ചിട്ടും, ചികിത്സാരീതികൾ സങ്കീർണ്ണമായിട്ടും 1960കളിൽ രൂപകൽപ്പന ചെയ്ത സ്റ്റാഫ് പാറ്റേണിലാണ് പ്രവർത്തനം.ചില ജനറൽ വാർഡുകളിൽ രാത്രികാല ഷിഫ്റ്റിൽ നൂറിലധികം രോഗികൾക്കായി പരമാവധി മൂന്ന് നഴ്‌സുമാർ മാത്രമാണുള്ളത്. ഒരാൾക്ക് 30 മുതൽ 50 വരെ രോഗികളെ നോക്കേണ്ടി വരുന്നു.ഐ.സി.യുവിൽ ഒരു നഴ്സിന് മൂന്ന് മുതൽ അഞ്ച് വരെ രോഗികളെ നോക്കണം. ലേബർ റൂമിൽ ഒരു നഴ്സിന് ഒന്നിലധികം പ്രസവക്കേസുകളിൽ സഹായിക്കേണ്ടി വരും.

സേഫ്ടി ലിസ്റ്റ്

പാലിക്കാനാകുന്നില്ല ലോകാരോഗ്യ സംഘടനയുടെ സർജിക്കൽ സേഫ്ടി ലിസ്റ്റ് പ്രകാരം ശസ്ത്രക്രിയ അവസാനിപ്പിക്കുന്നതിന് മുമ്പ് സ്പോഞ്ച്, നീഡിൽ, ഉപകരണങ്ങളുടെ കൃത്യമായ കണക്ക് പരിശോധിക്കണം. സ്ക്രബ് നഴ്‌സും സർകുലേറ്റിംഗ് നഴ്‌സും ചേർന്ന് ഇരട്ട പരിശോധന നടത്തണം. കണക്ക് പൊരുത്തപ്പെടാത്ത പക്ഷം മുറിവ് തുന്നിക്കെട്ടരുത്. ആവശ്യത്തിന് നഴ്‌സിംഗ് സ്റ്റാഫില്ലാത്ത സാഹചര്യത്തിൽ ഈ ചെക്ക്ലിസ്റ്റ് കൃത്യമായി പാലിക്കുന്നത് പ്രായോഗികമായി വെല്ലുവിളിയാണെന്ന് ആരോഗ്യപ്രവർത്തകർ സമ്മതിക്കുന്നു.

ആവശ്യമായ സ്റ്റാഫ് പാറ്റേൺ വെന്റിലേറ്റർ ഐ.സി.യുവിൽ 1 : 1, നോൺ വെന്റിലേറ്റർ ഐ.സി.യുവിൽ 1 : 2, ജനറൽ വാർഡ് 1 : 6 (ഡേ ഷിഫ്റ്റ്), ലേബർ റൂം 1 : 1, ഓരോ ഓപ്പറേഷൻ ടേബിളിനും കുറഞ്ഞത് 2 നഴ്‌സുമാർ എന്ന അനുപാതം ഉറപ്പാക്കുന്ന തരത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.

സംസ്ഥാനത്തെ ഒഴിവുകൾ

ഡോക്ടർമാർ - 1160

നഴ്സുമാർ - 978

പാരാമെഡിക്കൽ - 716