മന്ത്രി വീണയുടെ വസതിയിൽ റീത്ത് വച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി വാതിലിന് മുന്നിൽ റീത്ത് വച്ചു. കരിങ്കൊടി വീശി. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ 7.20നായിരുന്നു സംഭവം. ആ സമയം മന്ത്രിയുടെ ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസിൽ മൂന്നു പൊലീസുകാർ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. 25ഓളം പ്രവർത്തകരാണ് ഇരച്ചുകയറി 'ആരോഗ്യവകുപ്പ്' എന്നെഴുതിയ റീത്ത് വച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉന്തുംതള്ളിലും ഗേറ്റിന്റെ പൂട്ട് തകർന്നു.
റീത്ത് വച്ചശേഷം പുറത്തിറങ്ങിയ പ്രവർത്തകർ ഗേറ്റിന് പുറത്തിരുന്നും പ്രതിഷേധിച്ചു.
എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അതിനിടെയുണ്ടായ ഉന്തിലും തള്ളിലും പൊലീസ് ഉദ്യോഗസ്ഥരായ അയൂബ് (25), അഖിൽ (30), എം.വി.മനു (30), അലക്‌സ് ആന്റണി (30) എന്നിവർക്ക് പരിക്കേറ്റു.
നേമം ഷജീർ ഉൾപ്പെടെ 25 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തു. അറസ്റ്റിലായ അഞ്ച് പ്രവർത്തകരെ റിമാൻഡ് ചെയ്തു. പ്രവർത്തകർ 28,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആർ.
അതേസമയം, മന്ത്രി വീണാജോർജിന്റെ പത്തനംതിട്ട കൊടുമൺ അങ്ങാടിയ്ക്കൽ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. മന്ത്രിക്ക് പിന്തുണയുമായി ഡി.വൈ. എഫ്.ഐ പ്രവർത്തകർ വീടിന് മുന്നിലുണ്ടായിരുന്നു. മന്ത്രി വീട്ടിൽ നിന്നിറങ്ങിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമായി. ഡി .വൈ.എഫ്.ഐക്കാർ കൂവി വിളിച്ചത് പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചുഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു .
ഗുരുതര വീഴ്ച,
നടപടി വരും
സംഭവത്തിൽ സിറ്റിപൊലീസ് കമ്മിഷണർ കാർത്തിക് സ്പെഷ്യൽ ബ്രാഞ്ചിനോട് റിപ്പോർട്ട് തേടി. ഗുരുതരവീഴ്ചയുണ്ടായെന്ന റിപ്പോർട്ട് നൽകിയെന്നാണ് വിവരം. കമ്മിഷണർ ഓഫീസിന് സമീപത്തെ മന്ത്രിമന്ദിരത്തിൽ പ്രതിഷേധം നടക്കുന്നത് മാദ്ധ്യമങ്ങൾ അറിഞ്ഞിട്ടും ബന്ധപ്പെട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയാത്തത് വീഴ്ചയാണെന്ന് വിലയിരുത്തലുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വരും.
പിന്നിൽ സതീശനെന്ന് മന്ത്രി വീണ
ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് അതിക്രമം നടത്തുകയും വാതിലിൽ റീത്ത് വയ്ക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് കേരളത്തിലെ ജനങ്ങൾ റീത്ത് വയ്ക്കും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വിഷയത്തിൽ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. എന്ത് ചികിത്സാ പിഴവായാലും സർക്കാർ അംഗീകരിക്കില്ല. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. മന്ത്രിയല്ല ശസ്ത്രക്രിയ നടത്തുന്നതും പഠിപ്പിക്കുന്നതും. അവിടെ ചികിത്സാ പിഴവ് എത്രയോ നാളുകൾക്ക് മുമ്പ് നടന്നതാണ്.