കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സെക്രട്ടേറിയറ്റ് മാർച്ച്
Sunday 22 February 2026 12:35 AM IST
കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ 24ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മറ്റ് പെൻഷൻകാരെക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത്. 7 വർഷമായി ഉത്സവബത്ത ലഭിക്കുന്നില്ല. 1350 രൂപ മാത്രം പെൻഷൻ വാങ്ങുന്ന എക്സ് ഗ്രേഷ്യാ പെൻഷൻകാരടക്കമുള്ളവരെ സർക്കാരോ മാനേജുമെന്റോ കണ്ടില്ലെന്ന് നടിക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നത്. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.ചന്ദ്രബാബു, പ്രസിഡന്റ് ജി.പ്രഭാകരൻ, ആർ.അശോകൻ, എം.ദേവരാജൻ, വി.ഇസക്കിമുത്തു എന്നിവർ പങ്കെടുത്തു.