'കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ യു.ഡി.എഫ് സജ്ജം'

Sunday 22 February 2026 2:08 AM IST
പ്രതിപക്ഷതാവ് വി.ഡി.സതീശൻ പെരുമ്പാവൂരിൽ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു.

പെരുമ്പാവൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യംകുറിച്ച് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആ ആഗ്രഹം യു.ഡി.എഫ് പൂർത്തീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു . പുതുയുഗ യാത്രയുടെ ഭാഗമായി പെരുമ്പാവൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സമഗ്രമായ മാറ്റമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകൾ സംസ്ഥാനത്തെ സർവകലാശാലകളിൽ ആരംഭിക്കും. കേരളത്തിന്റെ 600 കിലോമീറ്റർ കടൽതീരം പ്രയോജനപ്പെടുത്തി തുറമുഖങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള 'കോസ്റ്റൽ ഷിപ്പിംഗ്' പദ്ധതി നടപ്പിലാക്കും. ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാനും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തെ സിംഗപ്പൂർ പോലെ ഒരു വികസിത തുറമുഖ നഗരമാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കൃത്യമായ ധനകാര്യ മാനേജ്‌മെന്റിലൂടെയും നികുതി ഭരണത്തിലൂടെയും ഖജനാവിലെ ചോർച്ച അടച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.