'തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്‌പദം, കേസിൽ  രാഷ്ട്രീയ  ഇടപെടൽ  ഉണ്ടായി'

Sunday 22 February 2026 11:09 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരു തെളിവുമില്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് സംശയാസ്പദമാണെന്നും എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. തന്ത്രിയെ മനഃപൂർവം കുടുക്കിയതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

'ഹെെക്കോടതി നൽകിയ നിർദേശങ്ങൾ പാലിക്കാതെയാണ് എസ്ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തു. രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേയ്ക്കും വാസവനിലേയ്ക്കും എത്താതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നതിന്റെ തെളിവാണിത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു. രാഷ്ട്രീയ കളിക്ക് ജനം ചുട്ടമറുപടി നൽകും'-രമേശ് ചെന്നിത്തല വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്ത് വച്ചുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ ചെന്നിത്തല തള്ളി. റീത്ത് വച്ചുള്ള പ്രതിഷേധം സിപിഎം രീതിയാണെന്നും അത്തരം പ്രതിഷേധം വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീടിന് മുന്നിൽ റീത്ത് വച്ചത്. ഇത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. തുടർന്നാണ് രമേശ് ചെന്നിത്തല ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയത്.