തകര്‍ന്നടിഞ്ഞ് ശ്രീലങ്ക; സൂപ്പര്‍ എട്ടില്‍ ട്രാക്ക് മാറ്റി ഇംഗ്ലണ്ട്, 51 റണ്‍സ് ജയം

Sunday 22 February 2026 6:55 PM IST

പല്ലെക്കെലെ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ 51 റണ്‍സിനാണ് ശ്രീലങ്കയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 147 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ചപ്പോള്‍ ശ്രീലങ്കയുടെ മറുപടി 16.4 ഓവറില്‍ 95 റണ്‍സിന് അവസാനിച്ചു. ഏഴാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദസൂണ്‍ ഷനകയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലീഷ് താരം വില്‍ ജാക്‌സ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഓപ്പണര്‍ പാത്തും നിസംഗ 9(8), കാമില്‍ മിഷാര 6(11), കുസാല്‍ മെന്‍ഡിസ് 4(4), പവന്‍ രത്‌നായകെ 0(1), ദുനിത് വെല്ലാലഗെ 10(10), കാമിന്ദു മെന്‍ഡിസ് 13(11) എന്നിങ്ങനെയാണ് ആദ്യ ആറ് ബാറ്റര്‍മാരുടെ സംഭാവന. ദസൂണ്‍ ഷനക 24 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടി. ദുഷാന്‍ ഹേമന്ദ 5(8), ദുഷ്മന്ദ ചമീര 6(13), മഹീഷ് തീക്ഷണ 10(8), ദില്‍ഷാന്‍ മധുശംഗ 0(2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡ്വാസണ്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജേമി ഓവര്‍ടണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 62(40) അര്‍ദ്ധ സെഞ്ച്വറി നേടി ടോപ് സ്‌കോറര്‍ ആയി. വില്‍ ജാക്‌സ് 21(14) ആണ് പിന്നീട് ബാറ്റിംഗില്‍ പിടിച്ചുനിന്നത്. ബൗളിംഗില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മധുശംഗ, തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കണം.