ചരിത്ര നേട്ട തിളക്കത്തിൽ സംരംഭക വർഷം പദ്ധതി
സംരംഭങ്ങളുടെ എണ്ണം നാല് ലക്ഷം കടന്നു
കളമശേരി: സംസ്ഥാന സർക്കാർ നടപ്പാക്കിയ 'സംരംഭക വർഷം'പദ്ധതിയിലൂടെ കേരളത്തിൽ നാല് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ വിജയാഘോഷത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2022 ഏപ്രിൽ ഒന്ന് മുതൽ 2026 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 4,06,976 പുതിയ സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. സംരംഭകരിൽ 1,28,852 വനിതകളാണ്. വ്യാപാരത്തിൽ 1.78 ലക്ഷവും സേവന രംഗത്ത് 1.74 ലക്ഷവും ഉത്പാദന മേഖലയിൽ 54,895 യൂണിറ്റുകളുമാണ് പ്രവർത്തനമാരംഭിച്ചത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് സംരംഭങ്ങളുടെ എണ്ണത്തിൽ മുന്നിൽ. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവരും സംസാരിച്ചു.
പൂർണ പിന്തുണയുമായി സർക്കാർ
സംരംഭകർക്ക് കൈത്താങ്ങായി നാല് ശതമാനം പലിശയിൽ വായ്പ നൽകുന്ന കെ.ഇ.എൽ.എസ് പദ്ധതി, എം.എസ്.എം.ഇ ഇൻഷ്വറൻസ്, 1153 എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്‌സിക്യൂട്ടീവുമാരുടെ സേവനം, താലൂക്ക് തലത്തിലുള്ള റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവ ശക്തമായ പിന്തുണയാണ് നൽകുന്നത്. തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള കമ്പനികളായി വളർത്താൻ 'മിഷൻ 1000' പദ്ധതിയും പുരോഗമിക്കുകയാണ്.
'കേരള ബ്രാൻഡിലൂടെ ആഗോള വിപണിയിൽ കേരളീയ ഉത്പ്പന്നങ്ങൾക്ക് പ്രത്യേക പദവി ലഭ്യമാക്കും. സ്വകാര്യ വ്യവസായ പാർക്കുകളിലെ നിക്ഷേപത്തിലൂടെ കേരളത്തെ സുസ്ഥിരമായ വ്യവസായ സൗഹൃദ സംസ്ഥാനമാക്കും
പി. രാജീവ്
വ്യവസായ മന്ത്രി
ലഭിച്ച നിക്ഷേപം
27,222 കോടി രൂപ
പുതിയ തൊഴിൽ അവസരങ്ങൾ
8,67,017
വനിത സംരംഭകർ
1,28,852