ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി, അടപടലം പൂട്ടി ദക്ഷിണാഫ്രിക്ക

Sunday 22 February 2026 10:39 PM IST

അഹമ്മദാബാദ്: 2024ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ പോരില്‍ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 18.4 ഓവറില്‍ 111 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. മികച്ച ബൗളിംഗ്, ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ വരിഞ്ഞ് മുറുക്കുകയായിരുന്നു എയ്ഡന്‍ മാര്‍ക്രവും സംഘവും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവരില്‍ തന്നെ തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷന്‍ 0(4) മടങ്ങി.

തിലക് വര്‍മ്മ 1(2), അഭിഷേക് ശര്‍മ്മ 15(12) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ 26ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ വീണു. തുടക്കത്തിലേറ്റ ഈ ആഘാതത്തില്‍ നിന്ന് ഇന്നിംഗ്‌സിന്റെ താളം വീണ്ടെടുക്കാന്‍ ഒരിക്കലും ഇന്ത്യക്ക് കഴിഞ്ഞില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 18(22), വാഷിംഗ്ടണ്‍ സുന്ദര്‍ 11(11) എന്നിവരും നിറം മങ്ങിയതോടെ ഇന്ത്യ 9 ഓവറില്‍ 51ന് അഞ്ച് എന്ന ദയനീയ സ്‌കോറിലേക്ക് വീണു.

ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ സഖ്യത്തില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 16ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജ് ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി. ഹാര്‍ദിക് പാണ്ഡ്യ 18(17), റിങ്കു സിംഗ് 0(2), അര്‍ഷ്ദീപ് സിംഗ് 1(2) എന്നിവരാണ് ഈ ഓവറില്‍ പുറത്തായത്. പിന്നീട് എല്ലാം വെറും ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. 19ാം ഓവറില്‍ ശിവം ദൂബെ 42(37) റണ്‍സ് നേടി മടങ്ങി. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തിരശീല വീണു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ യാന്‍സന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത്. ഡിവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

എയ്ഡന്‍ മാര്‍ക്രം 4(7), ക്വിന്റണ്‍ ഡി കോക്ക് 6(7), റയാന്‍ റിക്കിള്‍ടണ്‍ 7(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി. നാലോവറില്‍ 20ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചതിന് ശേഷമാണ് പ്രോട്ടീസ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. നാലാം വിക്കറ്റില്‍ ഡിവാള്‍ഡ് ബ്രെവിസ് 45(29) ഡേവിഡ് മില്ലര്‍ 63(35) സഖ്യം 97 റണ്‍സാണ് 50 പന്തുകളില്‍ നിന്ന് അടിച്ചെടുത്തത്. ശിവം ദൂബെയുടെ ഓവറില്‍ ബ്രെവിസ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

പിന്നീട് വന്ന ട്രിസ്റ്റന്‍ സ്റ്റബ്സ് 44*(24) പുറത്താകാതെ നിന്നു. സ്റ്റബ്സിനെ കൂട്ടുപിടിച്ച് മില്ലര്‍ ടീം സ്‌കോര്‍ 150 കടത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡീപ് ലോംഗ് ഓഫില്‍ തിലക് വര്‍മ്മയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്സറുകളും മില്ലര്‍ അടിച്ചിരുന്നു. പിന്നിട് വന്ന മാര്‍ക്കോ യാന്‍സന്‍ 2(6), കോര്‍ബിന്‍ ബോഷ് 5(6) എന്നിവര്‍ തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.