'സമയം എത്ര വേഗത്തിലാണ് മാറുന്നത്', ഇക്കാര്യത്തില്‍ സഞ്ജു തന്നെ കേമന്‍

Sunday 22 February 2026 11:23 PM IST

അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനമാണ് പ്ലേയിംഗ് ഇലവനില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നില്‍. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് താരം നേടിയത്. അതുകൊണ്ട് തന്നെ കടുത്ത ആരാധകര്‍ പോലും സഞ്ജുവിന്റെ പുറത്താകലില്‍ നിരാശ ഉള്ളിലൊതുക്കി. ഇഷാന്‍ കിഷനും അഭിഷേക് ശര്‍മ്മയും മികച്ച ഫോമിലായതിനാല്‍ തന്നെ ലോകകപ്പില്‍ ഇടങ്കയ്യന്‍മാര്‍ ഓപ്പണര്‍മാരുടെ റോളിലുമെത്തി.

ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായത് ഒഴിച്ച് നിര്‍ത്തിയാല്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. എന്നാല്‍ മറുവശത്ത് അഭിഷേക് ശര്‍മ്മയുടെ കാര്യം അങ്ങനെയല്ല. നാല് മത്സരങ്ങള്‍ കളിച്ച അഭിഷേക് ശര്‍മ്മ, അമേരിക്ക, പാകിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരെ ഒരു റണ്‍ പോലും നേടാതെ മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയതാകട്ടെ 12 പന്തുകളില്‍ നിന്ന് 15 റണ്‍സ് മാത്രവും.

ഇപ്പോഴിതാ ലോകകപ്പിലെ രണ്ട് ഓപ്പണര്‍മാരുടേയും സ്റ്റാറ്റ്‌സ് തമ്മില്‍ താരതമ്യം ചെയ്യുകയാണ് ആരാധകര്‍. അഭിഷേകിന് പരിക്കേറ്റതിനാല്‍ നമീബിയക്ക് എതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു. എട്ട് പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സറുകളും ഒരു ഫോറും സഹിതം 22 റണ്‍സ് നേടി.

ഒരു മത്സരത്തില്‍ നിന്ന് സഞ്ജു നേടിയ റണ്‍സ് പോലും നാല് മത്സരങ്ങളില്‍ നിന്ന് അഭിഷേകിന് നേടാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് തന്നെ സഞ്ജു അടുത്ത മത്സരത്തില്‍ അവസരം അര്‍ഹിക്കുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. തുടരെ പരാജയമാകുന്ന അഭിഷേകിനെ മാറ്റി സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഫിനിഷര്‍ റോളില്‍ എത്തുന്ന റിങ്കു സിംഗും തിളങ്ങുന്നില്ല. ഈ സ്ഥാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.