'അരപ്പട്ടകെട്ടിയ" കഥക്കൂട്ടുമായി ശ്രീകുമാർ ഹരിപ്പാട്
കളമശേരി: അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ മാളുവമ്മയുടെ വീട്ടുമുറ്റത്തേക്ക് വീണ്ടുമൊരു യാത്രനടത്തുകയാണ് ശ്രീകുമാർ ഹരിപ്പാട്. 'സക്കറിയ" ഉൾപ്പെടെയുള്ള ചങ്ങാതിമാരുമായുള്ള യാത്രയിൽ ഓർമ്മകളുടെ ഉത്സവമേളം ഉയരുന്നു. മലയാളത്തിന്റെ അനശ്വര ഗന്ധർവൻ പി. പത്മരാജൻ സംവിധാനം ചെയ്ത അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ എന്ന വിഖ്യാത ചിത്രത്തിൽ ചെറിയൊരു വേഷംചെയ്ത ശ്രീകുമാർ, ആ കാലത്തെ പുസ്തകമാക്കി ആസ്വാദകർക്ക് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ മമ്മൂട്ടി ചെയ്ത സക്കറിയ, സുകുമാരിയുടെ മാളുവമ്മ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ മലയാളത്തിന് മറക്കാനാവില്ല.
ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ശ്രീകുമാറിനെ ഗുരുവായ പത്മരാജൻ തന്റെ ജൂബയണിയിച്ച് നടനാക്കുകയായിരുന്നു. ചിത്രത്തിൽ സംവിധായകന്റെ വേഷമുള്ളത് ശ്രീകുമാർ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യം ഞെട്ടലായിരുന്നു. ജൂബാ നീട്ടി അദ്ദേഹം ചിരിയോടെ നീട്ടിയൊന്നു മൂളിയപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. ചെറിയ വേഷത്തിൽ 'സംവിധായകൻ" തിളങ്ങി. ആ കാലവും കഥയോർമ്മകളും ഈ പുസ്തകത്തിലുണ്ട്. സിനിമാ ജീവിതത്തിലെ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ. പുസ്തകം അവസാന മിനുക്കുപണിയിലാണ്. മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാർ വൈകാതെ പ്രകാശനം ചെയ്യും. മറ്റു വിവരങ്ങൾ തത്കാലം രഹസ്യം.
ഷൊർണ്ണൂരിലാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഷൂട്ട് ചെയ്തത്. ക്യാപ്ടൻ ലക്ഷ്മിയുടെ തറവാടാണ് ലൊക്കേഷൻ,
ജീവിതം സിനിമയ്ക്കുവേണ്ടി സമർപ്പിച്ചിട്ടും, സ്വപ്നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും, നിരാശനാകാതെ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് സപ്തതി പിന്നിട്ട ഹരിപ്പാട് ആശാരിപറമ്പിൽ കെ.ശ്രീകുമാർ.
കെ.മധുവും ശ്രീകുമാറും ഒരുമിച്ചാണ് സംവിധാന സഹായികളായി സിനിമയിൽ തുടക്കം കുറിച്ചത്.
അടൂർ ഗോപാലകൃഷ്ണൻ, പി.പത്മരാജൻ, ശശികുമാർ,ഷാജി എൻ. കരുൺ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി. ഏതാനും സിനിമകളിൽ ചെറിയ വേഷമിട്ടു.
ഫിലിം സൊസൈറ്റികളുടെ ആരംഭകാലഘട്ടത്തിൽ അതിന് നേതൃത്വം കൊടുത്താണ് രംഗത്ത് വരുന്നതും സിനിമക്കാരെ പരിചയപ്പെടുന്നതും. ആലപ്പുഴ എസ്.ഡി.കോളേജിൽ ബിരുദ പഠന കാലത്ത് ആലപ്പി അഷറഫും ഭീമൻ രഘുവും ബാച്ച് മേറ്റായിരുന്നു. ഫാസിലും നെടുമുടി വേണുവും സീനിയേഴ്സാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നുമാസ കോഴ്സും പഠിച്ചു.
ശശികുമാറിന്റെ യാഗം, അടൂരിന്റെ അനന്തരം തുടങ്ങിയ ചിത്രങ്ങളുടെയും സഹസംവിധായകനായിരുന്നു. കുട്ടികൾക്കുവേണ്ടിയുള്ള ഒരു ചിത്രവും ഏഷ്യാനെറ്റിനു വേണ്ടി നന്മ എന്ന പേരിൽ ടെലിഫിലിമും സംവിധാനം ചെയ്തു.
'കാഴ്ച' , വാടകയ്ക്കൊരു ഹൃദയം, കിളിവാതിൽ, കലാമണ്ഡലം ഹൈദരാലി, വെള്ളരി പട്ടണം, പൂരം തുടങ്ങിയ സിനിമകളിലും, ദൂരദർശൻ സംപ്രേഷണം ചെയ്ത മെഗാ സീരിയൽ 'കൈരളിവിലാസം ലോഡ്ജ്, പകൽവീട്, നാർമണി പുടവ എന്നിവയിലും അഭിനയിച്ചു. ഭാര്യ ബി.പുഷ്പ കുമാരി (റിട്ട. ചീഫ് സൂപ്രണ്ട് കോഴിക്കോട് കോർപ്പറേഷൻ). മക്കൾ: ശ്രീപ്രിയ (പ്രിൻസിപ്പൽ കാലടി ശ്രീശങ്കര എൻജിനിയറിംഗ് കോളേജ്), സ്വാതിപ്രിയ (എൻജിനിയർ എസ്.എഫ്.എസ്).