വള്ളിക്കോട്ടെ മലയോരത്ത് വിളഞ്ഞ് പൊൻകതിർ

Monday 23 February 2026 12:30 AM IST

പത്തനംതിട്ട: ജില്ലയിൽ അപ്പർ കുട്ടനാടിന് പിന്നാലെ നെൽക്കൃഷിയിൽ മുന്നേറി വള്ളിക്കോട്. ഓരോവർഷം പിന്നിടുമ്പോഴും വള്ളിക്കോട്ടെ നെൽക്കൃഷിയുടെ വിസ്തൃതി വർദ്ധിക്കുകയാണ്. 2018ലെ പ്രളയവും 2020ലെ കൊവിഡ് പ്രതിസന്ധിയും അതിജീവിച്ച് 2021ൽ 121 ഹെക്ടറിലാണ് നെൽക്കൃഷി ചെയ്തത്.

നിലവിലിത് 134 ഹെക്ടറിലേയ്ക്ക് ഉയർന്നു. വെട്ടക്കുളം, നടുവത്തൊടി, കരുവേലിൽ, നരിക്കുഴി, തലച്ചെമ്പ്, കൊല്ലായി, തട്ട, അട്ടത്താഴ, കൈപ്പട്ടൂർ, കീക്കുളം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പടെ പത്ത് പ്രധാന നെൽവയലുകളിലായാണ് നെൽകൃഷി നടത്തുന്നത്. അഞ്ഞൂറിലധികം കർഷകത്തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്.

അതിനിടെ കടുത്ത വേനലിനെ തുടർന്നുള്ള ജലക്ഷാമത്തിൽ നെല്ലിന് വിളനാശവും സംഭവിക്കുന്നുണ്ട്. കരിമ്പാൽ, ഇളങ്ങമംഗലം പ്രദേശങ്ങളിലെ വയലുകൾ വരണ്ട് നെൽച്ചെടികൾ നശിക്കുകയാണ്. കെ.ഐ.പി കനാലിൽ നിന്നുള്ള വെള്ളം എത്തിക്കാനായാൽ വയലേലകൾ കൂടുതൽ ഹരിതാഭമാകും. മലയോര പ്രദേശങ്ങളായതിനാൽ കാട്ടുപന്നികളും നെൽക്കൃഷി നശിപ്പിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്താണ് കർഷകർ മണ്ണിൽ പൊന്ന് വിളയിക്കുന്നത്.

നെൽക്കൃഷിയിലേയ്ക്ക് കൂടുതൽപേർ

 മലയോര മേഖലയായിട്ടും കൂടുതൽ കർഷകർ നെൽക്കൃഷിയിലേക്ക് ആകർഷിക്കുന്നു

 കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെൽപ്പാടങ്ങൾ നികരുമ്പോൾ വള്ളിക്കോട് നെൽപ്പാടങ്ങളുടെ വിസ്തൃതി വർദ്ധിച്ചു

 കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടുതൽ ഫലപ്രദം

 നെല്ല് വിളവെത്തിക്കുന്നത് കാട്ടുമൃഗങ്ങളിൽ നിന്നുള്ള ശല്യം എതിരിട്ട്

 ജലസേചന സൗകര്യം കാര്യക്ഷമമാക്കിയാൽ വിളവ് കൂടുതൽ വർദ്ധിപ്പിക്കാനാകും

കൃഷി

2023ൽ 130 ഹെക്ടർ

2024ൽ 130

2025ൽ 134

വിളവ്

2023-24: 550-600 ടൺ

2024-25: 670

വേനൽച്ചൂട് നെൽക്കൃഷിയെ മോശമായി ബാധിച്ചു. പാടത്ത് പണിക്കിറങ്ങാൻ ആളെ കിട്ടാനും ബുദ്ധിമുട്ടാണ്.

കോമളൻ,

കർഷകൻ

മുൻ വർഷങ്ങളെ അപേക്ഷിച്ച് കൃഷി ചെയ്യാൻ കൂടുതൽപേർ മുന്നോട്ട് വരുന്നുണ്ട്. ഇത്തവണ 134 ഹെക്ടറിലാണ് നെൽക്കൃഷി.

അനില.ടി.ശശി

കൃഷി ഓഫീസർ, വള്ളിക്കോട്