30 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി

Sunday 22 February 2026 11:31 PM IST

പെരുമ്പാവൂർ: നഗരമദ്ധ്യത്തിലെ പി.പി.റോഡിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ ജനകീയ സമിതി നടത്തിയ പരിശോധനയിൽ 30 ചാക്കിലധികം ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ലഹരി വില്പനയിലൂടെ സമാഹരിച്ച 11,300 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കടകളുടെ സീലിംഗിൽ പ്ലൈവുഡ് അടിച്ച് പ്രത്യേക അറകളുണ്ടാക്കിയാണ് ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തവ പെരുമ്പാവൂർ പൊലീസിന് കൈമാറി.

എക്സൈസ് ഓഫീസ് പരിസരമായിട്ടും കൃത്യമായ പരിശോധനകൾ നടക്കാത്തതാണ് ലഹരി മാഫിയ തഴച്ചുവളരാൻ കാരണമെന്ന് സമിതി പ്രവർത്തകർ ആരോപിച്ചു. കെട്ടിട ഉടമകൾ വൻതുക വാടക വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.