അന്തിമ വോട്ടർ പട്ടിക: ബൂത്തുതല പരിശോധനയ്ക്ക് പാർട്ടികൾ

Sunday 22 February 2026 11:31 PM IST

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ‌ടിവാതിൽക്കലെത്തിയതോടെ ജില്ലയിലെ അന്തിമ വോട്ടർ പട്ടികയിലെ സൂക്ഷ്മ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നു. തിരഞ്ഞടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കഴിഞ്ഞ ദിവസം കൈമാറിയ പട്ടിക ബൂത്ത് തലത്തിൽ എത്തിച്ച് പരിശോധിക്കും.

തങ്ങളുടെ വോട്ടർമാരും അനുഭാവികളും പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സ്ഥലത്ത് ഇല്ലാത്തവും മരിച്ചവരും പട്ടികയിലുണ്ടോയെന്നും അവസാനവട്ട പരിശോധന നടത്തും.

ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനാണ് വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത്. നേരത്തെ ജില്ലയിൽ 10,47,976 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്‌.ഐ.ആർ നടപടികളുടെ ഭാഗമായുള്ള എ.എസ്.ഡി പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടികയിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 9,74,802 വോട്ടർമാരാണുള്ളത്. 73,174 വോട്ടർമാർ കുറഞ്ഞു.

വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

നിശാ ക്യാമ്പുമായി കോൺഗ്രസ്

വോട്ടർപട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് കോൺഗ്രസ് ഇന്ന് മുതൽ മൂന്ന് ദിവസത്തെ നിശാ ക്യാമ്പ് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബൂത്ത് തലങ്ങളിൽ പരിശോധന നടത്താനാണ് നിർദേശം. വോട്ടർ പട്ടികയുമായി ഒരാഴ്ചത്തെ ഭവന സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രാഞ്ച് അടിസ്ഥാനത്തിൽ എൽ.ഡി.എഫ്

വോട്ടർ പട്ടിക എൽ.ഡി.എഫ് ഘടക കക്ഷികൾ പ്രത്യേകം പരിശോധിക്കും. സി.പി.എമ്മും സി.പി.ഐയും ബ്രാഞ്ച് ഘടകൾക്ക് പട്ടിക കൈമാറി സൂക്ഷ്മ പരിശോധന നടത്തും.

ബി.ജെ.പി വാർഡ് കമ്മിറ്റികൾ

വേട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ബി.ജെ.പി പ്രത്യേക വാർഡ് കമ്മിറ്റി യോഗങ്ങൾ ചേരും. ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാനാണ് നിർദേശം.

ആകെ വോട്ടർമാർ-974802

സ്ത്രീകൾ-508251

പുരുഷന്മാർ-466546

ട്രാൻസ്‌ജെൻഡർ-5

മണ്ഡലം അടിസ്ഥാനത്തിൽ ആറന്മുള-213732

അടൂർ-199939

തിരുവല്ല-197164

കോന്നി-188793

റാന്നി-175174