ഇലന്തൂർ കരയുണർന്നു, ഇന്ന് ചൂട്ടുവയ്പ്
ഇലന്തൂർ: കരവാഴുന്ന കാവിലമ്മയ്ക്ക് ദേശ മക്കളുടെ കാലവഴിപാടായ പടയണിക്ക് ചൂട്ടുകറ്റയിൽ കൊട്ടിവിളിച്ച് കളത്തിലേക്ക് ആനയിക്കുന്ന ചൂട്ടുവയ്പ്പ് ഭഗവതിക്കുന്നിൽ ഇന്ന് നടക്കും.
ഇന്നലെ രാത്രി കരയുണർത്തലോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. കുംഭമാസത്തിലെ ഭരണി നാളിൽ ചൂട്ടുവച്ചിറങ്ങുന്ന കുന്നിലമ്മയുടെ തിരുമുന്നിൽ ഇനിയുള്ള പന്ത്രണ്ട് പടയണിരാവുകളിലും ചടങ്ങുകൾക്ക് കരക്കാർ സാക്ഷിയാകും.
രാവിലെ 8ന് നൂറ്റൊന്ന് കലം പൂജ, കുംഭ കൊയ്ത്തിലെ ആദ്യവിള തങ്ങളുടെ കരദേവതയ്ക്ക് സമർപ്പിച്ച് നാട്ടുകൂട്ടം അതിന്റെ ഒരു വിഹിതം പുത്തൻ കലത്തിൽ പ്രസാദമായി തിരികെ വാങ്ങും.
വൈകിട്ട് 4ന് മലനടയിൽ ഊരാളി പടയണി നടക്കും. രാത്രി അത്താഴപൂജയ് ക്ക് ശേഷം ഭഗവതിക്ക് മുന്നിൽ കത്തിനിൽക്കുന്ന നിലവിളക്കിൽ നിന്ന് മേൽശാന്തി നാരായണമംഗലത്ത് ഇല്ലം ഹരികൃഷ്ണൻ പോറ്റി പകർന്നുനൽകുന്ന ദീപത്തിൽ നിന്ന് കൊളുത്തുന്ന ചൂട്ടുകറ്റ പടയണി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ് കുമാർ ഏറ്റുവാങ്ങും. ചൂട്ടുകറ്റ ഏറ്റുവാങ്ങുന്നതോടെ കരവാസികൾ ആർപ്പുവിളിയും കുരവയുമായി കാവുണർത്തി ചൂട്ട് വലത്തോടെ പടേനിക്കളത്തിലെ കന്നിക്കോണിൽ കരക്കാരുടെ അനുവാദത്തോടെ സ്ഥാപിക്കും.
പച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ പടയണിക്ക് തുടക്കമാവും. ഇനിയുള്ള മൂന്ന് രാവുകളിലെ കാവുണർത്തലിന് ശേഷം എട്ട് പടേനിക്ക് തുടക്കം കുറിച്ച് മാർച്ച് 7ന് വെള്ളിയാഴ്ച കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ കൊട്ടും പാട്ടും കുരവയുമായി പടയണിക്കളത്തിലേക്ക് കരകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദേവതമാരുടെ വരവായി.