ശബരിമല സ്വർണക്കൊള്ള: സ്‌ട്രോംഗ് റൂമിലെ പരിശോധനയിൽ വ്യത്യാസം കണ്ടതായി സൂചന
പത്തനംതിട്ട: ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ മൂന്നാം ദിനമായ ഇന്നും പരിശോധന നടത്തും. ഇന്നലെ നടന്ന പരിശോധനയിൽ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കും മഹസറും തമ്മിലും, സ്റ്റോക്കും സ്റ്റോക്ക് രജിസ്റ്ററും തമ്മിലും, മഹസറും സ്റ്റോക്ക് രജിസ്റ്ററും തമ്മിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതായാണ് സൂചന. ശബരിമല സ്വർണകൊള്ള അടക്കമുള്ള വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം, വെള്ളി ആഭരണങ്ങൾ, രത്നങ്ങൾ, അമൂല്യമായ പൂജാ സാമഗ്രികൾ എന്നിവ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനായി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിറുത്തിവച്ച പരിശോധനകൾ 21 മുതൽ പുനരാരംഭിക്കുകയായിരുന്നു. ദേവസ്വം സ്മിത്ത് അടക്കമുള്ളവരുടെ സഹായത്തോടെ ആഭരണങ്ങളുടെയും മറ്റ് അമൂല്യമായ വഴിപാട് സാധനങ്ങളുടെയും തൂക്കം, മാറ്റ് എന്നിവ കണക്കാക്കി രേഖപ്പെടുത്തുകയും, മഹസർ, സ്റ്റോക്ക് രജിസ്റ്റർ എന്നിവയുമായി ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിൽ അതും കൃത്യമാണെങ്കിൽ അങ്ങനെയും രേഖപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.
അയിരൂർ സ്വദേശി നൽകിയ 58 പവൻ കാണാനില്ലെന്ന പരാതി നേരത്തെ വാർത്തയായിരുന്നു. എന്നാൽ ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ നേരത്തെ നടന്ന പരിശോധനയിൽ ഈ സ്വർണ ഉരുപ്പടി കണ്ടെത്തിയിരുന്നു. ദേവസ്വം കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറി ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്കും വിശദീകരണം നൽകുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ശബരിമല സ്‌പെഷ്യൽ കമ്മിഷണറും പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ആറന്മുള സ്‌ട്രോംഗ് റൂമിലെ പരിശോധനക്ക് ശേഷം ശബരിമല സന്നിധാനത്തെ താത്കാലിക സ്‌ട്രോംഗ് റൂമിലും പരിശോധന നടത്തും. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ജസ്റ്റിസ് കെ.ടി.ശങ്കരൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ട് ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും അതീവ നിർണായകമാണ്.