സഞ്ചാരികളെ ആകർഷിച്ച് കണിയാരം അണക്കെട്ട്

Monday 23 February 2026 12:44 AM IST
മാനന്തവാടിയിലെ കണിയാരം അണക്കെട്ട്

മാനന്തവാടി: വയനാട് ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന സാഹചര്യത്തിൽ സഞ്ചാരികളെത്തുന്ന കണിയാരം അണക്കെട്ട് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ഏറെ അനുയോജ്യമായ സ്ഥലമാണ്. മാനന്തവാടി നഗരത്തിൽ നിന്ന് വിളിപ്പാടകലെയുള്ള അണക്കെട്ട് വർഷങ്ങൾക്ക് മുമ്പ് കൃഷി ആവശ്യങ്ങൾക്കായി ചെറുകിട ജലസേചന വകുപ്പ് നിർമ്മിച്ചതാണ്. നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ

വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയും സമാധാനമായ അന്തരീക്ഷവുമെല്ലാം വേറിട്ട കാഴ്ചയാണ്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. മുമ്പ് ഇടുങ്ങിയ പാലമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന പാലമാണുള്ളത്. ലാന്റ്സ്‌ക്കേപ്പ്, പൂന്തോട്ടം എന്നിവ സജ്ജീകരിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യവും ഇവിടെയുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയും. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേത് പോലെ ബോട്ടിംഗ് ഒരുക്കുകയാണെങ്കിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും സാധിക്കും. അണക്കെട്ടിന് മൂന്ന് ഭാഗവും റോഡ് സൗകര്യമുണ്ടെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ടൂറിസം വകുപ്പ് ഏറ്റെടുത്ത് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാൽ പ്രദേശത്തിനും ഏറെ ഗുണകരമായി മാറും.