'പണി വേഗം നടക്കുന്നുണ്ട് സർക്കാർ മാറാതിരുന്നാൽ മതി'
'ദാ കാണുന്നിടത്താണ് ഞങ്ങളുടെ സ്വർഗം. തുരങ്കമുഖം തുടങ്ങുന്നത് അവിടെയാണ്. ഇവിടെ നിന്നാൽ പണി നടക്കുന്നതെല്ലാം കാണാം. രാത്രിയും ഞങ്ങളിവിടെ വന്ന് നോക്കി നിൽക്കും... '' പുതിയ വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് തുരങ്കപാത പ്രവൃത്തി നടക്കുന്ന സ്വർഗംകുന്നിലേക്ക് കെെ ചൂണ്ടിക്കൊണ്ട് ജോസ് മത്തായിലും ഭാര്യ ഓമനയും പറഞ്ഞു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതിലൂടെ വർഷങ്ങളായി ഈ നാട്ടുകാർ കണ്ട സ്വപ്നം കൂടിയാണ് പൂവണിയുന്നത്.
ബദൽപാത വരുമെന്ന ഉറപ്പിലാണ് 1983 ൽ മൂവാറ്റുപുഴയിൽ നിന്ന് ജോസ് മത്തായിലും ഓമന ജോസും മറിപ്പുഴയിലെത്തിയത്. അന്ന് ബദൽ പാതയ്ക്കായി സർവേ പുരോഗമിക്കുന്ന സമയം. പിന്നീട് പദ്ധതി ഇഴഞ്ഞെങ്കിലും വിട്ടുകാടുക്കാൻ ജോസ് അടക്കമുള്ളവർ തയ്യാറായില്ല. എം.എൽ.എ ജോർജ് എം. തോമസിന്റെ നേതൃത്വത്തിൽ ജോസും കൂട്ടരും കാട് വെട്ടിത്തെളിച്ച് റോഡുണ്ടാക്കാൻ രംഗത്തെത്തി. അതിന്റെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് ബദൽപാതയ്ക്ക് പകരം തുരങ്കപാത യാഥാർത്ഥ്യമാകുന്ന വേളയിലും ജോസിന്റെ തലയ്ക്ക് മുകളിലുണ്ട്.
ബദൽ പാതയിൽ നിന്ന് തുരങ്കത്തിലേക്ക്
ബ്രിട്ടീഷുകാർ നിർമിച്ച വയനാട് ചുരം റോഡിലെ ദുരിതയാത്രയ്ക്കും മലയോര ജനങ്ങളുടെ യാത്രാദുരിതത്തിനും അറുതി വരുത്താനുള്ള ബദൽ സംവിധാനത്തിന്റെ പഠനത്തിലാണ് പുല്ലൂരാംപാറ - ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ബദൽ റോഡെന്ന ആശയം ഉരുത്തിരിയുന്നത്. 1994 ൽ അന്നത്തെ സർക്കാർ ബദൽ റോഡിനായുള്ള സർവേ നടപടികൾ തുടങ്ങി. വനം വകുപ്പ് അനുകൂല നിലപാടെടുക്കാത്തതിനാൽ തുടർ നടപടികൾ വെെകി. 2006 ൽ ജോർജ് എം. തോമസ് എം.എൽ.എ. പദ്ധതിക്കായി കാര്യമായി ഇടപെട്ടു. എം.എൽ.എയുടെ നേതൃത്വത്തിൽ ആനക്കാംപൊയിലിലേക്ക് കുടിയേറിപ്പാർത്ത ജനങ്ങൾ പകുതി ദൂരം കാട് വെട്ടിതെളിച്ചത് ഇന്നും മനസിൽ നിന്ന് മായുന്നില്ലെന്ന് ജോസ് മത്തായി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാക്കുവാൻ പ്രമുഖരെയുൾപ്പെടുത്തി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. 2016-ൽ ജോർജ് എം. തോമസ് രണ്ടാമതും എം.എൽ.എയായതോടെ ബദൽ പാതയ്ക്ക് പകരം തുരങ്കപാതയാണെന്ന ആശയത്തിലേക്കെത്തി. പ്രാഥമികഘട്ട പ്രവർത്തനങ്ങൾക്കായി 20 കോടി അനുവദിക്കുകയും ചെയ്തു.
ഇവിടെ വികസിക്കും ഇവിടുത്തെ സർവ ആദായവും പോയി. ഇനി ഞങ്ങളുടെ ഏക പ്രതീക്ഷ തുരങ്കപാതയിലാണ് ജോസിന്റെ ഭാര്യ ഓമന പറഞ്ഞു. പണ്ട് അസുഖം വന്നാൽ രോഗിയെ എടുത്ത് വേണം കിലോമീറ്ററുകൾ നടന്ന് ആശുപത്രിയിലെത്താൻ. ഒരു ബസ് സർവീസ് മാത്രമായിരുന്നു ഇവിടെണ്ടായിരുന്നത്. പാത യാഥാർത്ഥ്യമായാൽ യാത്രാപ്രശ്നം ഇല്ലാതെയാകും. കച്ചവടവും കൂടും. നാട്ടുകാരെല്ലാം ഒറ്റക്കെട്ടായി തുരങ്കപാതയ്ക്കൊപ്പമാണ്. ഇപ്പോൾ പണി വേഗത്തിൽ നടക്കുന്നുണ്ട്. സർക്കാർ മാറിയാൽ അതുണ്ടാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ അലട്ടുന്നതെന്നും ഓമന പറയുന്നു.
തുരങ്കപാതയുടെ അടുത്തുള്ള വീടുകളിലൊന്നിലാണ് ജോസ് മത്തായിലും ഭാര്യ ഓമനയും താമസിക്കുന്നത്. ഇവരുടെ വീടിന് തൊട്ടു താഴെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാലം കടന്നു പോകുന്നത്. വികസനം മുൻകൂട്ടി കണ്ട് ഈ ഭാഗത്ത് ചെറിയൊരു കടമുറികളും ഇവർ പണിതിട്ടിട്ടുണ്ട്.