റംസാൻ വിപണിയിൽ മധുരമൂറും പഴങ്ങൾ
കോഴിക്കോട്: വേനൽച്ചൂടിനൊപ്പം റംസാൻ നോമ്പുകാലവും തുടങ്ങിയതോടെ പഴ വിപണിയും സജീവം. നാടൻ പഴങ്ങൾക്കൊപ്പം വിദേശ പഴങ്ങൾക്കും വിപണിയിൽ പ്രിയമേറുകയാണ്. വേനലിന്റെ തുടക്കം മുതലേ പഴ വിപണി ഉണർന്നെങ്കിലും റംസാനെത്തിയതോടെ തിരക്കും കൂടി. പഴങ്ങൾക്ക് വിലയും കൂടിയിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. ഇതോടൊപ്പം ബ്ലൂബെറി, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, സ്വീറ്റ് ടാമറിണ്ട്, റോയൽ ഗാല, സിട്രസ്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. കാശ്മീർ, സിംല ആപ്പിളുകളേക്കാൾ ഏറെ ആവശ്യക്കാർ ഇറ്റലി, തുർക്കി, യു എസ്, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ആപ്പിളുകൾക്കാണ്. 200 മുതൽ 300 രൂപവരെയാണ് വില. തണ്ണിമത്തൻ, കൈതച്ചക്ക, മുന്തിരികൾ, പപ്പായ, പഴം തുടങ്ങിയവയാണ് വിപണിയിലെ നാടൻ ഇനങ്ങൾ.
താരമായി തണ്ണിമത്തനും മുന്തിരിയും
പ്രാദേശികമായി വ്യത്യാസം വരുന്നുണ്ടെങ്കിലും വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 30 രൂപ മുതലാണ്. ഇറാനി, മഞ്ഞ തുടങ്ങിയ ഇനങ്ങളിലുള്ള തണ്ണിമത്തനും ആവശ്യക്കാരുണ്ട്. 60 മുതൽ 80 രൂപ വരെ ആയിരുന്ന പച്ചമുന്തിരിയുടെ വില രണ്ടുദിവസം കൊണ്ട് 120 വരെയെത്തി. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. വാഴപ്പഴങ്ങളിൽ നേന്ത്രൻ, ഞാലിപ്പൂവൻ പഴങ്ങൾക്കും വില കൂടുതലാണ്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നേന്ത്രപ്പഴമാണ് ഇപ്പോൾ മാർക്കറ്റിൽ കൂടുതൽ വിൽപ്പന നടത്തുന്നത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്.
വില കിലോ
തണ്ണിമത്തൻ.............30 മുതൽ
മുന്തിരി(പച്ച)..............120 മുതൽ
കറാച്ചി മുന്തിരി.........160
ഓറഞ്ച്..........................60-100
കൈതചക്ക..............100
അനാർ......................160
പേരക്ക......................100
ആപ്പിൾ......................200 മുതൽ
ബട്ടർ...........................200