വേനലിനൊപ്പം പടർന്ന് ചിക്കൻപോക്സ്
കൊല്ലം: വേനൽ കടുത്തതോടെ ജില്ലയിൽ ചിക്കൻപോക്സ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ജാഗ്രതപാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. വൈറസിന്റെ ഇൻക്യുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാനുള്ള സാദ്ധ്യതയുണ്ട്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നത്. 10 വയസിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം അധികവും കാണപ്പെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ ഈ രോഗം കുട്ടികളിലും കൂടുതൽ സങ്കീർണ്ണമാകും. വേഗം പടർന്നുപിടിക്കുന്ന രോഗമായതിനാൽ ഒരാൾക്ക് വന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്കും പകരാനുള്ള സാദ്ധ്യത കൂടുതലാണ്. മുൻകരുതലിനായി ചിക്കൻപോക്‌സ് ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. 'അസൈക്ലോവിർ' ആണ് സാധാരണ ചിക്കൻ പോക്സിന് ഉപയോഗിക്കുന്ന ആന്റിവൈറസ് മരുന്ന്.
ഈ വർഷം റിപ്പോർട്ട് ചെയ്തത്..... 425 കേസുകൾ
ഈ മാസം 19 വരെ .......196 പേർ ചികിത്സ തേടി
പ്രധാന ലക്ഷണങ്ങൾ
പനി,ശരീരവേദന,ശരീരത്തിൽകുമിളകൾ പ്രത്യക്ഷപ്പെടും,കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു മുഖം,നെഞ്ച്,തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക.
കരുതാം
രോഗലക്ഷണം കണ്ടാലുടൻ ചികിത്സ തേടുക
രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുക
ധാരാളം വെള്ളവും പഴവർഗ്ഗങ്ങളും കഴിക്കുക വിശ്രമിക്കുക
മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
രോഗിയുമായി ഇടപെടുമ്പോൾ മാസ്ക് ധരിക്കുക
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കുക
രോഗം ബാധിച്ചവരുമായി അധികം ഇടപൊടതിരിക്കുക