ചെങ്ങന്നൂർ പെരുമ, ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുന്നതാവണം വികസനം:മന്ത്രി പി.പ്രസാദ്
ചെങ്ങന്നൂർ: വികസനം എന്നത് ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുന്നതാവണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചെങ്ങന്നൂർ പെരുമ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മകളും കൂടിച്ചേരലുകളും നഷ്ടമാകുന്ന ഈ കാലത്ത് നാടിന്റെ പാരമ്പര്യം പുതിയ തലമുറ അറിയാനും നാടിന്റെ ഭാവി തീരുമാനിക്കുന്നതിനും ഇത്തരം പെരുമ മൂലം സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. 10 വർഷം മുൻപ് വികസനത്തിൽ പിന്നാക്കം നിന്നിരുന്ന ചെങ്ങന്നൂർ, സമസ്ത മേഖലകളിലും നടന്ന വികസനത്തിലൂടെ സമീപഭാവിയിൽ തന്നെ സംസ്ഥാനത്തെ മികച്ച മണ്ഡലങ്ങളിൽ ഒന്നായി മാറുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്എ.ഫ്ഡിസി ചെയർമാൻ കെ.മധു, സർകിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി, നഗരസഭ കൗൺസിലർ പി.കെ.അനിൽ കുമാർ, വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ പ്രിയദർശൻ എന്നിവർ സംസാരിച്ചു. മുണ്ടൻകാവ് ശ്രീ ഭൈരവി സംഘം അവതരിപ്പിച്ച കൈകൊട്ടിക്കളിയും അനഘ അജയ്യുടെ ശാസ്ത്രീയ നൃത്തവും നടന്നു. പിന്നണി ഗായിക സയനോരയുടെ മ്യൂസിക്കൽ നൈറ്റും അരങ്ങേറി. സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ, നാടൻ ഭക്ഷണശാലകൾ, 14 ജില്ലകളിൽ നിന്നുള്ള കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം, 10 സംസ്ഥാനങ്ങളുടെ കരകൗശല ശാലകൾ, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ എന്നിവ ചെങ്ങന്നൂർ 2026ൽ ഒരുക്കിയിട്ടുണ്ട്.