ഉഷാജോസഫിന്റെ കേസ് ഷീറ്റ് കസ്റ്റഡിയിൽ: പിഴവ് ശാസ്ത്രീയമായി കണ്ടെത്താൻ വിദഗ്‌ദ്ധ സമിതി

Monday 23 February 2026 12:32 AM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്‌ക്കിടെ ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) മറന്നുവച്ചതിലെ പിഴവ് ശാസ്ത്രീയമായി തെളിയിക്കുന്നതിന് വിദഗ്‌ദ്ധ സംഘം രൂപീകരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ, ഡിസ്ട്രിക്ട് ഗവ. പ്ളീഡർ, ഫോറൻസിക് വിദഗ്‌ദ്ധൻ, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സീനിയർ ഡോക്ടർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കേസന്വേഷിക്കുക. ഇതിനായി അന്വേഷണസംഘം ഇന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകും.

ഉപകരണം മറന്നുവച്ചതിലും അത് കണ്ടെത്താൻ കഴിയാത്തതിലും ആർക്കൊക്കെ പിഴവുണ്ടായി എന്നതിൽ വിദഗ്‌ദ്ധ സംഘം നൽകുന്ന റിപ്പോർട്ടനുസരിച്ചാകും മറ്റുള്ളവരെ പ്രതിചേർക്കുക. ഉഷാ ജോസഫിന്റെ കേസ് ഷീറ്റും ചികിത്സാരേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ കത്രിക ഇന്ന് കോടതിയിൽ ഹാജരാക്കും. ഉഷാജോസഫിന്റെ ചികിത്സാ രേഖകളും മെഡിക്കൽ റെക്കാഡ് ലൈബ്രറിയിൽ നിന്ന് അന്വേഷണസംഘം കൈപ്പറ്റി. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 ഡോ. ലളിതാംബികയ്ക്ക് ശസ്ത്രക്രിയയിൽ നേരിട്ട് ബന്ധമില്ല

അതേസമയം മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്ക് ഉഷാജോസഫിന്റെ ശസ്ത്രക്രിയയിൽ നേരിട്ട് പങ്കില്ലെന്ന് സൂചന. മെഡിക്കൽ കോളേജിൽ നിന്ന് പൊലീസിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ഡിപ്പാർട്ട്മെന്റ് ഹെഡായിരുന്നു ലളിതാംബിക. ശസ്ത്രക്രിയയ്‌ക്കും ചികിത്സയ്‌ക്കും നേതൃത്വം നൽകിയവരുടെ വിവരങ്ങൾ ചികിത്സാരേഖകളിലും ഡിസ്ചാർജ് സമ്മറിയിലുമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ അസോസിയേറ്റ് പ്രൊഫസറായ അന്നത്തെ ആലപ്പുഴയിലെ അസി.പ്രൊഫസർ ഡോ. ഷാഹിദയാണ് 2021ൽ ശസ്ത്രക്രിയയ്‌ക്ക് മേൽനോട്ടം വഹിച്ചത്. സംഘത്തിലുണ്ടായിരുന്ന പി.എസ്. ധന്യ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 നഴ്സിംഗ് ഓഫീസറാണ്.